കാബൂള്‍ : അമേരിക്ക 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുന്നത്. യുഎസ് സേനകളുടെ പിന്‍മാറ്റം ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാകുന്നതോടെ അഫാഗാനില്‍ ഇനി താലിബാന്റെ ഭരണമാണ്. ഇപ്പോള്‍ തന്നെ അഫ്ഗാന്റെ മുക്കാല്‍ ഭാഗത്തോളം താലിബാന്റെ കൈവശമായി കഴിഞ്ഞു. ഇതോടെ അഫ്ഗാനിലെ സ്ത്രീകള്‍ ഭീതിയിലാണ്. പുരാതന മതനിയമങ്ങള്‍ തങ്ങളുടെ നേര്‍ക്ക് അടിച്ചേല്‍പ്പിക്കുമെന്ന് ഇവര്‍ ഭയക്കുന്നു.
ഇസ്ലാമിക ശിക്ഷാരീതി തുടര്‍ന്നു വന്ന അഫ്ഗാനില്‍ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിര്‍ബാധം നടപ്പിലാക്കി. പുരുഷന്‍മാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ ഇരകള്‍.
ടെലിവിഷന്‍, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒന്‍പത് വയസും അതിനുമുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടിവന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുപോകാനായില്ല, ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി കണ്ടു.
സ്ത്രീകള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലായിരുന്നു. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്, വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകള്‍ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടര്‍മാരെ കാണാന്‍ അനുവദിച്ചു.
അമേരിക്കന്‍ ആക്രമണത്തിന് ശേഷം താലിബാന്‍ ശക്തി ക്ഷയിച്ചപ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നു. 2001 ന് ശേഷം ധാരാളം വിദേശസഹായങ്ങളും പിന്തുണയും നല്‍കി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അഫ്ഗാന്‍ സമൂഹത്തില്‍ അവളുടെ ചിന്തകളുടെയും അഭിപ്രായ പ്രകടനങ്ങളുടെയും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ല്‍ പൂജ്യത്തില്‍ നിന്ന് 2010 ല്‍ മൂന്ന് ദശലക്ഷമായി ഉയര്‍ന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ വോട്ട് ചെയ്തു, പാര്‍ലമെന്റിന്റെ 352 അംഗങ്ങളില്‍ 89 സ്ത്രീകളാണ് എന്നതും നിസാരമായി കാണരുത്. സ്ത്രീകളില്‍ 13 മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, 4 പേര്‍ അംബാസഡര്‍മാരായി. അതുകൊണ്ടുതന്നെ യു.എസ് സൈന്യം അഫ്ഗാനില്‍ നിന്നും പൂര്‍ണമായും പിന്‍മാറുമ്പോള്‍ താലിബാന്‍ പഴയ നിയമം കൊണ്ടുവരുമോ എന്ന ആശങ്കയിലാണ് അഫ്ഗാന്‍.
Post Your Comments