ന്യൂഡൽഹി : ഇന്ത്യന്‍ നാവികസേനയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് അമേരിക്കയുടെ എം.എച്ച്-60 ആര്‍ മാരിടൈം ഹെലികോപ്റ്റര്‍. ഇതില്‍ രണ്ടെണ്ണം സാന്‍ ഡിയാഗോയിലെ നേവല്‍ എയര്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ യു.എസ് നേവി രാജ്യത്തിന് കൈമാറി. ഇന്ത്യയുടെ യു എസ് അംബാസിഡര്‍ തരണ്‍ജിത്ത് സിംഗ് സന്ധവും ചടങ്ങില്‍ പങ്കെടുത്തു.
അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ആദ്യ രണ്ടെണ്ണമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. പാകിസ്ഥാനുമായും ചൈനയുമായും സംഘർഷമുള്ള സാഹചര്യത്തിൽ ഇന്ത്യൻ പ്രതിരോധമേഖലയ്ക്ക് കരുത്തുപകരുന്നതാണ് ഈ ഇടപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതു കാലാവസ്ഥയിലും ഭൂപ്രകൃതിയിലും പ്രവര്‍ത്തിപ്പിക്കാവുന്ന ഹെലികോപ്റ്ററുകളാണിതെന്നും തരൺജിത് സിങ് സന്ധു പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് എം.എച്ച്.-60 റോമിയോ ഹെലികോപ്റ്ററുകൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ അംഗീകാരത്തോടെ വില്‍ക്കപ്പെടുന്ന ഈ ഹെലികോപ്റ്ററുകളുടെ മൊത്തം വില 240 കോടി അമേരിക്കന്‍ ഡോളറാണ്. ഈ ഹെലികോപ്റ്റർ പറത്തുന്നതിനുള്ള ഇന്ത്യയുടെ ആദ്യസംഘം ഇപ്പോൾ അമേരിക്കയില്‍ പരിശീലനത്തിലാണ്.
കൈമാറ്റ ചടങ്ങില്‍ അമേരിക്കന്‍ നേവല്‍ എയര്‍ ഫോഴ്‍സിന്റെ വൈസ് അഡ്‌മിറല്‍ കെന്നത്ത് വിറ്റ്‌സെലും ഇന്ത്യന്‍ നാവിക സേനയുടെ വൈസ് അഡ്‌മിറല്‍ രവ്ണീത് സിംഗും ചടങ്ങില്‍ പങ്കെടുത്തു. അമേരിക്കന്‍ നാവികസേനയുടെയും ഹെലികോപ്ടര്‍ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷന്റെയും ഉന്നത ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
Post Your Comments