ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ഇവ ദുര്‍ബലമായാല്‍, അത് നമ്മുടെ ജീവന്‍ തന്നെ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകള്‍ക്ക് കാരണമാകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴിയാണ്.
ജീവകം സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്പ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാന്‍ മാത്രമല്ല ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവും നെല്ലിക്കയ്ക്കുണ്ട്. നെല്ലിക്ക ജ്യൂസ് നിങ്ങള്‍ എല്ലാവരും കുടിക്കാറുണ്ടാകും. നെല്ലിക്ക ജ്യൂസില്‍ ഈ രണ്ട് ചേരുവകള്‍ കൂടി ചേര്‍ത്ത് തയ്യാറാക്കി നോക്കൂ.
വേണ്ട ചേരുവകള്‍
നെല്ലിക്ക 6 എണ്ണം
നാരങ്ങ നീര് ഒന്നിന്റെ പകുതി
ഇഞ്ചി 2 കഷ്ണം
വെള്ളം 2 ഗ്ലാസ്
ആദ്യം ഒരു മിക്‌സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക. ശേഷം നാരങ്ങ നീര്, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസ് ഒരു 20 മിനുട്ട് മാറ്റി വയ്ക്കണം. ഇഞ്ചിയുടെ ഊറല്‍ ജൂസിന്റെ അടിയില്‍ വരും. അതിനു ശേഷം ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയില്‍ വന്ന ഊറല്‍ കളയണം. ഇനി മധുരം വേണ്ടവര്‍ക്ക് ജ്യൂസില്‍ തേന്‍ ചേര്‍ക്കുക. ഉപ്പ് വേണ്ടവര്‍ക്ക് അതും ചേര്‍ക്കാം.
Post Your Comments