ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം പാര്‍ലമെന്റിന് മുന്നിലേയ്ക്ക് എത്തിക്കാന്‍ കര്‍ഷക സംഘടനകളുടെ നീക്കം. ജൂലൈ 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം ചെയ്യുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, സമര വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് രംഗത്തെത്തി.
തിങ്കളാഴ്ച വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിന് മുന്നില്‍ നിന്ന് പ്രതിഷേധ വേദി മാറ്റണമെന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലീസ് പ്രതിഷേധ സംഘടനകളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിന് പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്തയക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സമ്മേളനം അവസാനിക്കുന്നത് വരെ പാര്‍ലമെന്റിന് പുറത്ത് സമരം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. പ്രതിദിനം അഞ്ച് നേതാക്കളും 200 പ്രതിഷേധക്കാരുമാകും പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുക. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം സജീവമാക്കി നിര്‍ത്തുകയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം.
Post Your Comments