കോഴിക്കോട്: കെ.എം ഷാജിയുടെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കാനൊരുങ്ങി വിജിലന്‍സ്. ഇതിന്റെ ഭാഗമായി അന്വേഷണം കര്‍ണാടകയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും.
കൃഷിയിലൂടെയാണ് തന്റെ വരുമാനമെന്നും സ്വന്തമായി ഇഞ്ചി കൃഷിയുണ്ടെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വിജിലന്‍സ് അന്വേഷണം കര്‍ണാടകയിലേയ്ക്ക് നീങ്ങുന്നത്. വിവരങ്ങള്‍ തേടി വിജിലന്‍സ് കര്‍ണാടക രജിസ്‌ട്രേഷന്‍ വിഭാഗത്തെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ വിജിലന്‍സ് ഇതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കും.
കര്‍ണാടകയില്‍ കെ.എം ഷാജിയ്ക്ക് കൃഷിയുണ്ടോയെന്ന കാര്യം വിജിലന്‍സ് പരിശോധിക്കും. കര്‍ണാടകയില്‍ ഷാജിയ്ക്ക് ഭൂമിയിടപാടുണ്ടോ എന്ന കാര്യവും വിജിലന്‍സ് സംഘം അന്വേഷിക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഷാജിയെ അന്വേഷണ സംഘം പല തവണ ചോദ്യം ചെയ്തിരുന്നു. ഷാജിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഹാജരാക്കിയ തെളിവുകള്‍ വ്യജമാണെന്നുമാണ് വിജിലന്‍സിന്റെ നിലപാട്.
Post Your Comments