കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ മുസ്ലിം സംഘടനകളെ പരിഹസിച്ച് ലീഗ് യുവ നേതാവും എം.എസ്.എഫ് ദേശീയ പ്രസിഡന്റുമായ ടി. പി അഷ്‌റഫലി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത മുസ്ലിം സംഘടനകള്‍ സര്‍ക്കാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചോളൂവെന്നാണ് അഷ്‌റഫലിയുടെ പരിഹാസം. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.
‘സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്ത് സ്‌കോളര്‍ഷിപ്പ് 80:20 ആനുപാദമാക്കി ആദ്യം സി.പി.എം മുസ്ലിംകളെ ചതിച്ചത് പാലോളി കമ്മീഷനിലൂടെയാണ്. ഇപ്പോള്‍ ആ 80:20 എടുത്ത് കളഞ്ഞ് ചതി പൂര്‍ത്തീകരിച്ചത് പിണറായി വിജയിനിലൂടെ. പള്ളി തുറക്കാന്‍ അനുമതിക്കായി സമരം ചെയ്യുന്ന മുസ്ലിം സമുദായത്തിന് പിണറായിയുടെ വക നല്ല സമ്മാനമാണ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന ഇന്നത്തെ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാര്‍ വരാന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത മുസ്ലിം സംഘടനകള്‍ ഈ സര്‍ക്കാരിന്റെ ആയുരാരോഗ്യ സൗഖ്യത്തിന്നായി ഒരു ഫാത്തിഹ കൂടി ഹദിയ ചെയ്യേണ്ടതാണ്.’- ടി.പി അഷ്‌റഫലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനായിരുന്നു സമസ്ത എ.പി വിഭാഗത്തിന്റെ പിന്തുണ. അതുകൊണ്ട് തന്നെ അഷ്‌റഫലിയുടെ കുറിപ്പ് സമസ്തയ്ക്ക് നേരെയുള്ള ഒളിയമ്പ് ആണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഈ വിഷയത്തിൽ അഷ്‌റഫലിയുടെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി സമസ്ത, എസ്. കെ. എസ്. എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി തിരിച്ചുവന്ന് പാര്‍ട്ടിയെ തോല്‍പ്പിച്ചിന് സമസ്തയെ പഴിപറയേണ്ടെന്നും സ്വന്തം തെറ്റ് തിരുത്താതെ മറ്റുള്ളവരുടെ മേല്‍ പഴി ചാരേണ്ടെന്നും പ്രവർത്തകർ പറയുന്നു. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ എല്‍.ഡി.എഫിനെ മാത്രം കുറ്റം പറയേണ്ടെന്നും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും സമസ്ത പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
Post Your Comments