കോഴിക്കോട്: ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് ലഹരി മരുന്നുകള്‍ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. തൃശൂര്‍ സ്വദേശി സക്കീര്‍ ഹുസൈനാണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറേ നാളുകളായി ഒളിവിലായിരുന്ന സക്കീര്‍ ഹുസൈന്‍ നാട്ടിലെത്തിയപ്പോഴാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍. ബൈജുവും സംഘവും ഇയാളെ പിടികൂടിയത്. സക്കീര്‍ ഹുസൈന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലധികമായി ഗോവയില്‍ താമസിച്ച് മയക്കുമരുന്നുകളുടെ ഇടപാടുകള്‍ നടത്തിവരികയായിരുന്നു. ഇയാള്‍ എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവ ഗോവയില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ചേലേമ്പ്രയില്‍ നടന്ന മയക്കുമരുന്നു വേട്ടയുടെ തുടരന്വേഷണമാണ് എക്‌സൈസ് സംഘത്തെ ഗോവയില്‍ നിന്നുള്ള ലഹരിക്കടത്ത് വരെ എത്തിച്ചത്. അന്ന് പിടിയിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി റമീസ് റോഷന്‍, മലപ്പുറം മുസ്‌ല്യാരങ്ങാടി സ്വദേശി ഹാശിബ് ഷഹീന്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് വന്‍ ലഹരിക്കടത്തിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. ഗോവയില്‍ നിന്ന് കൊറിയര്‍ വഴി ലഹരി മരുന്നുകള്‍ കടത്തുന്നുണ്ടെന്ന് പ്രതികള്‍ വെളിപ്പെടുത്തിയതോടെയാണ് സക്കീര്‍ ഹുസൈനിലേയ്ക്ക് അന്വേഷണം എത്തിയത്.
Post Your Comments