KeralaLatest News

അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ കൊലയാളി ശാന്തിക്കാരനായത് ദേവസ്വത്തിന്റെ അറിവോടെ? പരിഹാരപൂജ വേണമെന്ന് ഭക്തജനസമിതി

സബ്ഗ്രൂപ്പ് ഓഫീസര്‍ പ്രത്യേക താല്‍പര്യമെടുത്തുകൊണ്ടു വന്ന ബിജു മോന്റെ നിയമനം പുനലൂര്‍ ദേവസ്വം കമ്മിഷണറുടെ കൂടി അറിവോട് കൂടിയായിരുന്നു

പുനലൂര്‍: വളരെ വിവാദമായ പത്തനംതിട്ട വാസുക്കുട്ടി കൊലക്കേസില്‍ വിചാരണ നേരിടുന്ന ഒന്നാം പ്രതി ബിജുമോന്‍ അച്ചന്‍കോവില്‍ ധര്‍മശാസ്താ ക്ഷേത്രത്തില്‍ ശാന്തിപ്പണി ചെയ്തുവെന്ന വിവരം പുറത്തു വന്നിട്ടും അതൊന്നും അറിയാത്ത മട്ടില്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാട്. സബ്ഗ്രൂപ്പ് ഓഫീസര്‍ പ്രത്യേക താല്‍പര്യമെടുത്തുകൊണ്ടു വന്ന ബിജു മോന്റെ നിയമനം പുനലൂര്‍ ദേവസ്വം കമ്മിഷണറുടെ കൂടി അറിവോട് കൂടിയായിരുന്നുവെന്നാണ് ഭക്തർ ആരോപിക്കുന്നത്.

കൊലക്കേസ് പ്രതി പൂജാരിയായി കയറിയതോടെ ക്ഷേത്രത്തിന്റെ ചൈതന്യം നഷ്ടപ്പെട്ടുവെന്നും ശുദ്ധിക്രിയയും പരിഹാര കര്‍മങ്ങളും വേണമെന്ന് കാട്ടി അച്ചന്‍കോവില്‍ ക്ഷേത്രത്തിലെ ഭക്തജന സമിതി ദേവസ്വം ബോര്‍ഡിന് പരാതി നല്‍കി. ബ്രാഹ്മണര്‍ക്ക് മാത്രമാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ താന്ത്രികാവകാശമുള്ളത്. ഈഴവ സമുദായത്തില്‍പ്പെട്ടയാളാണ് ഇലന്തൂര്‍ പരിയാരം മേട്ടയില്‍ വീട്ടില്‍ ബിജു മോന്‍. ചെങ്ങന്നൂരിലെ ഒരു കടയില്‍ നിന്നും 32 രൂപ കൊടുത്ത് വാങ്ങിയ പൂണൂലുമിട്ടായിരുന്നു ബിജുമോന്റെ തട്ടിപ്പ്.

ഈ വിവരമൊക്കെ സബ്ഗ്രൂപ്പ് ഓഫീസര്‍ക്ക് അറിയാമായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. കൊലക്കേസ് പ്രതി ബ്രാഹ്മണന്‍ ആണെന്ന് പറഞ്ഞ് ശാന്തിപ്പണി ചെയ്ത വാര്‍ത്ത നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം ക്ഷേത്ര ചൈതന്യം വീണ്ടെടുക്കാൻ പരിഹാര ചടങ്ങുകള്‍ക്ക് വേണ്ട മുഴുവന്‍ ചെലവും ബിജുമോനെ ശാന്തിയായി നിയമിച്ച സബ് ഗ്രുപ്പ് ഓഫീസര്‍ പികെ ലാലില്‍ നിന്നും ഈടാക്കണം. മാത്രവുമല്ല, നിയമനം നടത്തിയതില്‍ പങ്കുള്ള സബ്ഗ്രൂപ്പ് ഓഫീസര്‍, പുനലൂര്‍ ദേവസ്വം അസി. കമ്മിഷണര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യമുയരുന്നു.

അതേസമയം ഇത്രയും വിവാദമായിട്ടും ഇതേപ്പറ്റി ഒരു അന്വേഷണവും നടത്താന്‍ ദേവസ്വം ബോര്‍ഡ് ശ്രമിച്ചിട്ടില്ല എന്നും ആരോപണമുണ്ട്. ആരെങ്കിലും ദേവസ്വം വിജിലന്‍സിന് പരാതി നല്‍കിയാല്‍ അന്വേഷണം നടത്താമെന്നാണ് ഇപ്പോഴത്തെ ദേവസ്വം അസി. കമ്മിഷണറുടെ നിലപാട് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്യുന്നു. .

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button