കൊച്ചി: കളമശേരിയിൽ കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞു. ഇരുനില വീടു തകരുന്നതു ശ്രദ്ധയിൽ പെട്ട അയൽവാസികൾ പെട്ടെന്ന് ഇടപെട്ടു വീടിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാൽ വൻ അപകടം ഒഴിവായി. അകത്തെ ഭിത്തികൾ തകർന്നു. കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂർണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളിൽ തങ്ങിനിൽക്കുന്നത്.
സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഗൃഹനാഥൻ രാവിലെ തന്നെ പുറത്തു പോയിരുന്നു. മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
പൂർണമായും തകർന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നു സമീപവാസികൾ പറയുന്നു.
Post Your Comments