തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നൽകി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. വ്യാഴാഴ്ച്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.
ദേശീയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നൽകുന്ന മാറ്റിവെച്ച ശമ്പളത്തിൽ നിന്ന് ജീവനക്കാരന്റെ ദേശീയ പെൻഷൻ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ലെന്ന് ഫെബ്രുവരി 26 ലെ സർക്കാർ വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയൻറെയും സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായി. ക്രൈംബ്രാഞ്ചിൽ നിലവിലുള്ള അഞ്ച് ജൂനിയർ സൂപ്രണ്ട് തസ്തികകൾ സീനിയർ സൂപ്രണ്ട് തസ്തികകളായി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.
Post Your Comments