ബംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസ് (പി.എം.എല്‍.എ) നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍.സി.ബി) രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസിന്റെ മാത്രം അടിസ്ഥാനത്തിലല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മയക്കുമരുന്ന് കേസില്‍ ബിനീഷ് പ്രതിയല്ലാത്തതിനാല്‍ പി.എം.എല്‍.എ കേസ് നിലനില്‍ക്കില്ലെന്ന ബിനീഷിന്റെ അഭിഭാഷകന് ഉയര്‍ത്തിയ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു.
മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല ബിനീഷിനെതിരെ കേസെടുത്തതെന്നും കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത മറ്റു 13 കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് പി.എം.എല്‍.എ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇ.ഡി വാദിച്ചു. ബിനീഷിന്റെ ജാമ്യ ഹരജിയില്‍ ഇ.ഡിയുടെ തുടര്‍വാദം തിങ്കളാഴ്ച നടക്കും. കര്‍ണാടക ഹൈക്കോടതിയില്‍ വെള്ളിയാഴ്ച കേസ് പരിഗണിക്കവെ ബിനീഷിന്റെ ജാമ്യഹരജിയെ എതിര്‍ത്ത് ഇ.ഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന് ലേഖി ഹാജരായി.
ഇതിനിടെ കഴിഞ്ഞ ദിവസം വാദത്തിനിടെ, തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കണ്ടെടുത്തത് കാലാവധി കഴിഞ്ഞ ഡെബിറ്റ് കാര്‍ഡാണെന്ന് ബിനീഷിന്റെ അഭിഭാഷകന് ഗുരു കൃഷ്ണകുമാര്‍ നടത്തിയ പരാമര്‍ശം തിരുത്തി. ഇ.ഡി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് റദ്ദാക്കിയ ഡെബിറ്റ് കാര്‍ഡാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
Post Your Comments