ജനീവ: വാക്സിന് വിതരണത്തില്‍ നിലനില്‍ക്കുന്ന വേര്‍തിരിവിലും അസമത്വത്തിലും വിമര്‍ശനവും ആശങ്കയുമായി ലോകാരോഗ്യ സംഘടന. വാക്സിന് വിതരണത്തിലെ നിലവിലെ വേര്‍തിരിവ് ഞെട്ടിപ്പിക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു. വാക്സിനില്‍ മാത്രമല്ല, ജീവന്‍രക്ഷാ മരുന്നുകളുടെ കാര്യത്തിലും ഇതേ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെന്ന് ഗെബ്രിയേസസ് പറഞ്ഞു. കൊവിഡ് 19 എമര്‍ജന്‍സി കമ്മിറ്റി യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മരുന്നുകളുടെ വിതരണത്തിലെ തുല്യതയില്ലായ്മ മഹാമാരി നേരിടുന്നതില്‍ രണ്ട് വ്യത്യസ്ത പാതകള്‍ വെട്ടിത്തുറന്നിരിക്കുകയാണെന്ന് ഗെബ്രിയേസസ് പറഞ്ഞു. വാക്സിന് ലഭ്യമായ രാജ്യങ്ങള്‍ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് എല്ലാ പൊതുയിടങ്ങളും തുറക്കുന്നു എന്നതാണ് ആദ്യത്തെ മാര്‍ഗം. വാക്സിന് ലഭ്യമല്ലാത്ത രാജ്യങ്ങളെ വൈറസിന്റെ കരുണയ്ക്ക് വിട്ടുകൊടുത്തിരിക്കുന്ന രീതിയാണ് രണ്ടാമത്തേതെന്നും അദ്ദേഹം പറഞ്ഞു.നിരവധി രാജ്യങ്ങള്‍ക്ക് ഇതുവരെയും വാക്സിന് ലഭിച്ചിട്ടില്ലെന്നും പലര്‍ക്കും ആവശ്യത്തിന് വാക്സിന് ലഭിച്ചിട്ടില്ലെന്നും ഗെബ്രിയേസസ് പറഞ്ഞു.
ലോകത്ത് കോവിഡ് മൂന്നാം തരംഗം ആദ്യ ഘട്ടത്തിലെത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് വൈറസിന് നിരന്തരം വകഭേദം സംഭവിക്കുകയാണെന്നും ഓരോ ആഴ്ചയും പുതിയ വേരിയന്റുകള്‍ കണ്ടെത്തികൊണ്ടിരിക്കുന്നത് സ്ഥിതി വഷളാക്കുകയാണെന്നും ഗെബ്രിയേസസ് പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യ റെഗുലേഷന്‍സ് അടിയന്തര സമിതിയോട് സംസാരിക്കവെയാണ് ഗെബ്രിയേസസ് ഇക്കാര്യം പറഞ്ഞത്. കോവിഡ് ഡെല്‍റ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചു കഴിഞ്ഞു.
എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍ വരാനിരിക്കുന്നതേയുള്ളുവെന്നും ഗെബ്രിയേസസ് പറഞ്ഞു. ലോകം ഇപ്പോള്‍ കാണുന്നത് കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയും കൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കില്‍ അത് തെറ്റാണെന്നും വാക്സിനേഷന് നല്ല രീതിയില്‍ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബറില്‍ എല്ലാ രാജ്യങ്ങളും 10 ശതമാനം ജനങ്ങളെയെങ്കിലും വാക്സിനേറ്റ് ചെയ്യണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നോട്ടുവെക്കുന്ന നിര്‍ദേശം. 2021 അവസാനം ആകുമ്പോഴേക്കും 40 ശതമാനം പേരും 2022 പകുതിയോടെ 70 ശതമാനം ജനങ്ങളും വാക്സിനേറ്റ് ചെയ്യപ്പെടാന്‍ ആവശ്യമായ നടപടികള്‍ എല്ലാ രാജ്യങ്ങളും സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.
Post Your Comments