പാലക്കാട്: പ്രസവത്തിനു ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതിയെയും കുഞ്ഞിനെയും പുറത്താക്കിയ സംഭവത്തില്‍ ഇരുവര്‍ക്കും താമസം അടക്കം എല്ലാ സൗകര്യവും ഭര്‍ത്താവ് നല്‍കണമെന്ന് കോടതി ഉത്തരവ്. പാലക്കാട് ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
ഇന്ന് രാത്രി നഗരത്തിലെ ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കണം. ഇവര്‍ നേരത്തെ എങ്ങനെ ജീവിച്ചോ അതുപോലെ ജീവിക്കാന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസമാണ് ധോണിയില്‍ ഭാര്യയെയും കുഞ്ഞിനെയും വീട്ടില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയ വാര്‍ത്ത പുറത്തുവന്നത്.
പത്തനംതിട്ട സ്വദേശി ശ്രുതിയാണ് ഭര്‍ത്താവ് മനുകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മനുകൃഷ്ണനും ശ്രുതിയും ഒരുവര്‍ഷം മുമ്ബാണു വിവാഹിതരായത്. പ്രസവാനന്തരം തന്റെ വീട്ടിൽ നിന്നും മനുവിന്റ് വീട്ടിലേയ്ക്ക് ഈ മാസം ഒന്നാം തീയതിയാണ് ശ്രുതി കുഞ്ഞുമായി തിരിച്ചെത്തിയത്. ഇവര്‍ വരുന്നതറിഞ്ഞ് ഭര്‍ത്താവും വീട്ടുകാരും വീട് പൂട്ടി മറ്റൊരിടത്തേക്ക് മാറി. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി ശ്രുതിയും മൂന്നുമാസം പ്രായമായ കുഞ്ഞും ഭര്‍തൃവീട്ടിലെ സിറ്റ് ഔട്ടിലാണ് താമസം. വിവാഹമോചനം ആവശ്യപ്പെട്ടും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലും ഭര്‍ത്താവും വീട്ടുകാരും ബുദ്ധിമുട്ടിക്കുന്നതായി യുവതിയും മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments