അഹമ്മദാബാദ്: വികസന കുതിപ്പിന് വേഗം കൂട്ടി ഗുജറാത്ത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗര്‍ ക്യാപിറ്റല്‍ റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനമാണ് പ്രധാന ആകര്‍ഷണം.
318 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലാണ് ഗാന്ധിനഗര്‍ റെയില്‍വേ സ്‌റ്റേഷന്റെ പ്രത്യേകത. പദ്ധതിയുടെ ഉദ്ഘാടനം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ പഞ്ചനക്ഷത്ര ഹോട്ടലോടു കൂടിയ ആദ്യത്തെ റെയില്‍വേ സ്‌റ്റേഷനായി ഗാന്ധിനഗര്‍ മാറും. 2017ല്‍ പ്രധാനമന്ത്രി തന്നെ തുടക്കം കുറിച്ച പദ്ധതി 71.50 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ആധുനിക വിമാനത്താവളങ്ങള്‍ക്ക് തുല്യമായി ലോകോത്തര സൗകര്യങ്ങള്‍ സ്‌റ്റേഷന് നല്‍കിയിട്ടുണ്ട്.
പ്രത്യേക വിശ്രമ മുറികള്‍, പ്രാര്‍ത്ഥനാ സൗകര്യങ്ങള്‍, ദിവ്യാംഗര്‍ക്കായി പ്രത്യേക ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് ഗാന്ധിനഗര്‍ സ്‌റ്റേഷന്റെ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗ് സവിശേഷതകള്‍ നല്‍കിക്കൊണ്ടാണ് കെട്ടിടം പൂര്‍ണമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അത്യാധുനികമായി നിര്‍മ്മിച്ച സ്റ്റേഷന്റെ മുന്‍ഭാഗത്ത് 32 തീമുകളുള്ള ദൈനംദിന തീം അധിഷ്ഠിത ലൈറ്റിംഗും ഉണ്ടായിരിക്കും.
Post Your Comments