ലക്നൗ : ഉത്തർപ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 2,020 ജീവനക്കാരാണ് രോഗം ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് വേണ്ടി അപേക്ഷകൾ സ്വീകരിച്ചിരുന്നു. 3,092 അപേക്ഷകളാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 2,020 പേർ ഡ്യൂട്ടിയ്ക്കിടെ കോവിഡ് ബാധിച്ച് മരിച്ചതാണെന്നും നഷ്ടപരിഹാരത്തിന് അർഹരാണെന്നും കണ്ടെത്തി.
തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനുളളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മെയ് 31 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു. കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആവുകയും തുടർന്ന് കോവിഡാനന്തരം രോഗങ്ങൾ ബാധിച്ച് മരിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments