മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന നേതാവും പ്രമുഖ വ്യവസായിയുമായ സഞ്ജയ് ഗെയ്ക്വാദ് വൈദ്യുതി മോഷ്ടിച്ചതായി പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനി(എം.എസ്.ഇ.ഡി.സി.എല്‍) ആണ് പോലീസില്‍ പരാതി നല്‍കിയത്. കല്യാണില്‍ ഗെയ്ക്വാദിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്ത് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വൈദ്യുതി മോഷണം നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് എം.എസ്.ഇ.ഡി.സി.എല്‍ പോലീസിനെ സമീപിച്ചത്.
വൈദ്യുതി മോഷണം കണ്ടെത്തിയതോടെ 34,840 രൂപയുടെ ബില്ല് സഞ്ജയ് ഗെയ്ക്വാദിന് നല്‍കിയിരുന്നു. ബില്ലിനൊപ്പം 15,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും ഇയാള്‍ ബില്ല് അടയ്ക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ജൂണ്‍ 30ന് എം.എസ്.ഇ.ഡി.സി.എല്‍ കോള്‍സെവാദി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് സഞ്ജയ് ഗെയ്ക്വാദിനെതിരെ വൈദ്യുതി മോഷണത്തിന് കേസ് എടുക്കുകയായിരുന്നു.
കേസ് എടുത്തതിന് പിന്നാലെ ജൂലൈ 12ന് സഞ്ജയ് ഗെയ്ക്വാദ് പിഴയുള്‍പ്പെടെ 49,840 രൂപ തിരിച്ചടച്ചതായി എം.എസ്.ഇ.ഡി.സി.എല്‍ അറിയിച്ചു. അതേസമയം, തനിക്ക് എതിരെ ഉയര്‍ന്ന പരാതി അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും സഞ്ജയ് ഗെയ്ക്വാദ് ആവശ്യപ്പെട്ടു. അടുത്തിടെ ആഡംബര വാഹനമായ റോള്‍സ് റോയ്‌സ് ഗെയ്ക്വാദ് സ്വന്തമാക്കിയിരുന്നു. എട്ട് കോടി രൂപയുടെ വാഹനമാണ് ഗെയ്ക്വാദ് സ്വന്തമാക്കിയത്.
Post Your Comments