തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ നീറ്റ് പ്രവേശന പരീക്ഷ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ രണ്ട് ഭാഷകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബര്‍ 12ന് നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ ‘നീറ്റ് യുജി’ ഇത്തവണ മലയാളത്തിലും എഴുതാം. പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഭാഷ തെരഞ്ഞെടുക്കണം. മലയാളം തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, മലയാളം ടെസ്റ്റ് ബുക്കുകള്‍ ലഭ്യമാക്കും. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ നീറ്റ് പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. neet.nta.nic.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
മലയാളത്തിന് പുറമെ പഞ്ചാബിയാണ് പുതുതായി ഉള്‍പ്പെടുത്തിയ മറ്റൊരു ഭാഷ. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കൂടുതല്‍ പ്രാദേശിക ഭാഷകളെ ഉള്‍പ്പെടുത്തി നീറ്റ് പരീക്ഷ നടത്തുന്നത്. ഇതോടെ പരീക്ഷ എഴുതാവുന്ന ആകെ ഭാഷകളുടെ എണ്ണം 13 ആയി. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഉറുദു, അസമീസ്, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി എന്നീ ഭാഷകളെ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടുത്തിയിരുന്നു.
Post Your Comments