പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ്.കെ മാണിയെ തോൽപ്പിച്ചത് സി.പി.എം ആണെന്ന് റിപ്പോർട്ടുകൾ. മാണിയെ തോൽപ്പിച്ച പാർട്ടി തന്നെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇടതു വോട്ടുകൾ മാണി.സി കാപ്പൻ്റെ പെട്ടിയിൽ എത്തപ്പെട്ടതെങ്ങനെ എന്ന പതിവ് ചർച്ചയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതി യോഗങ്ങളിലും കഴിഞ്ഞ ദിവസം നടന്നത്. സി.പി.എം വോട്ടുകൾ കാപ്പന് മറിച്ചു കൊടുത്തവർ തന്നെ വലതു വിട്ട് ഇടത് സഹയാത്രികനായ ജോസിനെയും അണികളെയും തൃപ്തിപ്പെടുത്താൻ പതിവ് ശൈലിയിൽ പാർട്ടി തല അന്വേഷണത്തിനും ഉത്തരവിട്ടു.
പാലായിൽ ജോസിനെ ചതിച്ച സി.പി.എം ജില്ലാ കമ്മറ്റി തന്നെ ബി.ജെ.പി വോട്ടുകളാണ് ജോസിന് കിട്ടാതെ പോയതെന്ന് നേതൃത്വത്തെ അറിയിച്ചെങ്കിലും ജോസിനെ പിണക്കാൻ താൽപര്യമില്ലാത്ത നേതൃത്വം ആശ്വാസം പകരാൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സി.പി.എമ്മും ജോസ് വിഭാഗവും ഭരിക്കുന്ന നഗരസഭയിലും ഇക്കുറി മാണി സി കാപ്പന് തന്നെയായിരുന്നു ലീഡ്. ഇത് തന്നെ വ്യക്തമാക്കുന്നത് സി.പി.എം വോട്ടുകൾ ജോസിന് ലഭിച്ചില്ല എന്നത് തന്നെയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച ഇടങ്ങളിൽ പോലും ജോസിന് ലീഡ് നില ഉയർത്താൻ കഴിയാതെ പോയത് സി.പി.എമ്മിൻ്റെ കളി തന്നെയാണെന്ന് വ്യക്തമാകുന്ന സന്ദർഭത്തിലും എന്തിനാണ് ഇത്തരത്തിൽ ഒരു അന്വേഷണ പ്രഹസനം നടത്തുന്നതെന്ന് വ്യക്തമല്ല. സി.പി.എമ്മിന് ക്ലീൻ ചീട്ട് കിട്ടാൻ വേണ്ടി നടക്കുന്ന അന്വേഷണത്തിൽ പാർട്ടി പഴി ചാരി രക്ഷപ്പെടുന്നത് ബി.ജെ.പിയെ പിടിച്ചാവും എന്നാണു പരക്കെയുള്ള സംസാരം.
ബി.ജെ.പി വോട്ടുകൾ ജോസിന് കിട്ടിയില്ലെന്നും പാർട്ടി വോട്ടുകൾ ജോസിന് തന്നെയാണ് വീണതെന്നുമാകും അന്വേഷണ റിപ്പോർട്ട് പുറത്ത് വരിക. ഇതിന് വേണ്ടി വോട്ടിൽ കളള കണക്കുകൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും സി.പി.എം ജില്ലാ കമ്മറ്റി എന്ന സൂചനയും പുറത്തുവരുന്നുണ്ട്. ജോസ്.കെ.മാണി മറ്റൊരു മാണിയായി കോട്ടയം വെച്ച് വിലപേശുമെന്ന് വ്യക്തമായ സി.പി.എം ജോസിനെ മെല്ലെ കൂടെ നിന്ന് കാലു വാരിയെന്ന് പറയാം. പാലായിൽ ഇടത് വോട്ട് ചോർന്നെന്ന് വ്യക്തമാക്കിയ മന്ത്രി റോഷി അഗസ്റ്റിനും അന്വേഷണത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്.
Post Your Comments