കൊച്ചി: സ്വർണക്കടത്ത് കേസിൽ തനിക്ക് പങ്കില്ലെന്ന് ടിപി കേസ് പ്രതി മുഹമ്മദ് ഷാഫി. ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നിൽ ഹാജരായ ഷാഫി തന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത നക്ഷത്രം പൊലീസ് യൂണിഫോമിലേത് അല്ലെന്നും അത് ചെഗുവേര തൊപ്പിയിലേത് ആണെന്നും വ്യക്തമാക്കി. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഷാഫിയോട് ചോദ്യം ചെയ്യലിനായി കസ്റ്റംസിന്റെ ഓഫീസിലെത്താൻ ആവശ്യപ്പെട്ടത്.
നേരത്തെ ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് നേരത്തെ പരിശോധന നടത്തുകയും ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ പോലീസ് യൂണിഫോമിലെ നക്ഷത്ര ചിഹ്നവും ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങളും ഷാഫി കസ്റ്റംസിനോട് വിശദീകരിച്ചു. ടി പി വധക്കേസില്‍ പ്രതിയായ ഷാഫി നിലവില്‍ പരോളിലാണ്. മറ്റൊരു പ്രതിയായ കൊടി സുനിയെയും ജയിലില്‍ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ കണ്ണൂര്‍ സംഘത്തിന്റെ രക്ഷിതാക്കള്‍ കൊടി സുനിയും ഷാഫിയുമാണെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റംസ് റിപ്പോര്‍ട്ട്. അതേസമയം, കരിപ്പൂർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പാനൂർ സ്വദേശി അജ്മൽ, ആഷിഖ് എന്നിവരെ കൂടെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദ് ഷാഫി, അർജ്ജുൻ ആയങ്കി എന്നിവർക്ക് സിംകാർഡ് എടുത്തു നൽകിയത് ഇവരാണ്.
Post Your Comments