ദുബൈ: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസത്തിനിടെ ദുബൈയില്‍ 247 ഭക്ഷണശാലകള്‍ താല്‍കാലികമായി അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി അധികൃതര്‍. ഇവയില്‍ 79 എണ്ണം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലും 168 എണ്ണം ഭക്ഷ്യ സുരക്ഷ പാലിക്കാത്തതിലുമാണ് നടപടി നേരിട്ടത്. ആറുമാസത്തിനിടെ 32,091 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 91 ശതമാനം ഭക്ഷണ ശാലകളും നിയമമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി.
മുനിസിപ്പാലിറ്റി നിര്‍ണയിച്ച മാനദണ്ഡങ്ങള്‍ പാലിച്ചതിനെ തുടര്‍ന്ന് ഈ സ്ഥാപനങ്ങളെല്ലാം പിന്നീട് തുറക്കാന്‍ അനുവാദം നല്‍കിയതായും മുനിസിപ്പാലിറ്റി ഭക്ഷ്യപരിശോധന വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അലി അല്‍ ത്വാഹിര്‍ പറഞ്ഞു.സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കുന്നത് വീഴ്ചകള്‍ പരിഹരിക്കാനാണെന്നും സ്ഥിരമായല്ലെന്നും ഡയറക്ടര്‍ അഭിപ്രായപ്പെട്ടു. ചില സ്ഥാപനങ്ങള്‍ ഒരു ദിവസംകൊണ്ട് പിഴവുകള്‍ തിരുത്തിയിട്ടുണ്ട്.
ഗുരുതര നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ട സ്ഥാപനങ്ങള്‍ പരമാവധി ഒരാഴ്ചയാണ് അടച്ചുപൂട്ടിയത്. മുഴുവന്‍ പരിശോധന സംവിധാനവും എമിറേറ്റിെന്റ ലൈസന്‍സിങ് സംവിധാനവുമായി ഇലക്‌ട്രോണിക് ആയി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ പരിശോധന റിപ്പോര്‍ട്ടുകളും സ്ഥാപനത്തിന്റെ ഉടമകള്‍ക്ക് നേരിട്ട് അയക്കുന്നുമുണ്ട്. ആരുടെയും കച്ചവടത്തെ ബാധിക്കുന്ന തരത്തില്‍ നടപടിയെടുക്കാന്‍ മുനിസിപ്പാലിറ്റി ആഗ്രഹിക്കുന്നില്ലെന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുനിസിപ്പാലിറ്റിയില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലും പരിശോധന നടത്താറുണ്ട്. ദിവസം ശരാശരി 12,13 പരാതികളാണ് ലഭിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കാത്തതും ജീവനക്കാര്‍ മാസ്ക് ധരിക്കാത്തതുമാണ് സാധാരണ പരാതികള്‍.
Post Your Comments