ഡൽഹി: കോവിഡ് മൂന്നാം തരംഗം അടുത്തെത്തിയതായും രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കേന്ദ്ര– സംസ്ഥാന സർക്കാരുകളോടാണ് ഐ.എം.എ ആവശ്യം ഉന്നയിച്ചത്. രണ്ടാം തരംഗത്തിന്റെ ഭീകരാവസ്ഥയിൽനിന്ന് പുറത്തുവന്നിട്ടേയുള്ളൂ എന്നും ജാഗ്രത കൈവിടരുതെന്നും ഐ.എം.എ വ്യക്തമാക്കി.
‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങളും ഇതുവരെയുള്ള ഏതൊരു മഹമാരിയുടെ ചരിത്രവും അനുസരിച്ച് കോവിഡ് മൂന്നാം തരംഗം അനിവാര്യവും ആസന്നവുമാണ്. എന്നാൽ സർക്കാരും ജനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ മുഖവിലയ്ക്കെടുക്കാതെ കൂട്ടംകൂടുകയാണ്.
യാത്ര, തീർത്ഥാടനം, മതപരമായ ആഘോഷങ്ങൾ എന്നിവയ്ക്കായി കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം. ഇപ്പോൾ ഇവയെല്ലാം വീണ്ടും ആരംഭിക്കുന്നതും വാക്സിനേഷനില്ലാതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നതും മൂന്നാം തരംഗത്തിലേക്കുള്ള സുപ്പർ സ്പെർഡാകാൻ കാരണമാകും’. ഐ.എം.എ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂട്ടംകൂടലുകൾ ഒഴിവാക്കുന്നതിലൂടെയുള്ള സാമ്പത്തിക നഷ്ടം കോവിഡ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിലുള്ള ചെലവിനേക്കാളും കുറവാണെന്നും സാർവത്രിക വാക്സിനേഷനിലൂടെയും കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുന്നതിലൂടെയുമേ മൂന്നാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനാകൂ എന്നും ഐ.എം.എ വ്യക്തമാക്കി.
Post Your Comments