തൃശൂര്‍: പഴകിയ പഴവര്‍ഗങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് പഴവര്‍ഗ മൊത്ത വ്യാപാര സ്ഥാപനം അധികൃതര്‍ അടച്ചു പൂട്ടി. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് മൂന്നുപീടിക ജംഗ്ഷനില്‍ പഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കണ്ടെത്തിയത്.
മലിനമായ സാഹചര്യത്തില്‍ അഴുകിയ മാമ്പഴം, പഴം, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവ അലക്ഷ്യമായി കൂട്ടിയിട്ടത് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വരുന്ന രീതിയിലായിരുന്നു ഇവ കൂട്ടിയിട്ടിരുന്നത്. ഇതോടെ സ്ഥാപനം അടച്ചുപൂട്ടി നോട്ടീസ് നല്‍കുകയായിരുന്നു.
കയ്പമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാബു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എം സക്കീര്‍, സെക്ടറല്‍ മജിസ്‌ട്രേറ്റ് മാഹിര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്ത് മേഖലയില്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Post Your Comments