ശ്രീനഗര്‍ : ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരുന്നതിന് ശിക്ഷ നൽകാനാവില്ലെന്ന് ജമ്മു-കശ്മീര്‍ ഹൈക്കോടതി. ബാനി ഗവ. കോളജ് അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ടിനെതിരായ കേസിലെ എഫ്.ഐ.ആര് റദ്ദാക്കിയാണ് കോടതി വിധി.
2018 സെപ്റ്റംബറില്‍ കോളജില്‍ സംഘടിപ്പിച്ച ‘മിന്നലാക്രമണ’ വാര്‍ഷികച്ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ അധ്യാപകനായ തൗസീഫ് അഹ്മദ് ഭട്ട് എഴുന്നേറ്റ് നിന്നില്ലെന്നായിരുന്നു പരാതി. വിദ്യാര്‍ഥികൾ നൽകിയ പരാതി കോളേജ് അധികൃതര്‍ പൊലീസിന് കൈമാറുകയായിരുന്നു.
ദേശീയ ഗാനാലാപനം തടയുന്ന പ്രവൃത്തികള്‍ പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായതായി എഫ്.ഐ.ആര് പരിശോധനയില്‍ ബോധ്യം വന്നിട്ടില്ലെന്ന് കോടതി അറിയിച്ചു. ദേശീയഗാനം ആലപിക്കുന്നത് തടയുകയോ അല്ലെങ്കില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് അവിടെ അസ്വസ്ഥത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമെ കുറ്റകരമാകൂയെന്ന് കോടതി പറഞ്ഞു. ‘ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്ക്കാതിരിക്കുന്നത് അടിസ്ഥാന കടമ നിറവേറ്റുന്നതിലെ വീഴ്ചയായി മാത്രമെ കാണാനാവൂ’, കോടതി കൂട്ടിച്ചേർത്തു.
Post Your Comments