ഇടുക്കി: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവ് കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കുവാൻ താൻ ശ്രമിച്ചെന്നും ഇതിനായി സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും തുറന്നു സമ്മതിച്ച് ഇടത് എം എൽ എ. പീരുമേട് എംഎൽഎ വാഴൂർ സോമനാണു കേസിന്റെ തുടക്കത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ശ്രമിച്ചത്.
കുട്ടിയുടെ ബന്ധുക്കൾ അവശ്യപ്പെട്ടതിനാലാണ് താൻ അതിന് ശ്രമിച്ചത് എന്നാണ് എംഎൽഎ യുടെ വിശദീകരണം. പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദനം അറിയിക്കുന്നതിന് വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ നടന്ന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം തുറന്നു പറയുന്നത്. ഇതോടെ, എം.എൽ.എ പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ വഴങ്ങാത്തതാണ് പ്രതിയെ പെട്ടന്ന് തന്നെ കണ്ടെത്തുവാൻ കഴിഞ്ഞത് എന്ന് വ്യക്തമാണ്. എം.എൽ.എയുടെ വാക്കുകൾ ഇങ്ങനെ:
‘കുട്ടിയുടെ ബന്ധുക്കൾ പോലും എന്നോട് പറഞ്ഞത്, സാറേ… സംശയം ഒന്നുമില്ല. മൃതദേഹം അടക്കാൻ ഒന്ന് സഹായിക്കണം എന്നാണു പറഞ്ഞത്. പോലീസിനോട് സംസാരിച്ചപ്പോൾ പോസ്റ്റ്‌മോർട്ടം നടത്തിയിട്ട് അടക്കുന്നതാകും നല്ലതെന്ന നിർദേശമാണ് ലഭിച്ചത്. പോസ്റ്റ്മോർട്ടം നടത്താതിരിക്കാൻ സിഐ, ഡിവൈഎസ്പി എന്നിവരെ വിളിച്ചെങ്കിലും അവരും സമാന അഭിപ്രായമാണ് പറഞ്ഞത്. ഇതോടെയാണ് ഞാനും അതിനു സമ്മതിച്ചത്. ആ കുട്ടിയുടെ രക്ഷാകർത്താക്കളിൽ നിന്ന് സമ്മർദ്ദമാണുള്ളത്. വേറെതേ ആളുകളെ എല്ലാം ചോദ്യം ചെയ്യുന്നുവെന്നും ഇത് ബുദ്ധിമുട്ടാണെന്നുമാണ് അവർ പറയുന്നത്. അപ്പോഴും കേസ് തെളിയാൻ അധികം സമയം വേണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്.
കേസിൽ പോലീസ് ആദ്യം അർജുൻ അറസ്റ്റ് ചെയ്തപ്പോൾ നാട്ടുകാർ ഇടപെട്ട് ഇത് തടഞ്ഞിരുന്നു. അർജുന്റെ ‘നല്ല മുഖം’ തന്നെയായിരുന്നു ഇതിനു കാരണം. ഡിവൈഎഫ്‌ഐ നേതാവായി ചമഞ്ഞ് പ്രതി നാട്ടിലെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുൻപന്തിയിൽ നിന്നിരുന്ന ആളായിരുന്നു പ്രതി. ഈ ‘നല്ല മുഖം’ നാട്ടുകാർ വിശ്വസിച്ചിരുന്നു. എന്നാൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ അച്ഛന്‍ തന്നെ അർജുൻ പാര്‍ട്ടി പ്രവര്‍ത്തകനല്ല എന്ന വാദവുമായി എത്തിയത് സി.പി.എമ്മിന്റെ കടുത്ത സമ്മർദ്ദം മൂലമാണെന്നാണ് ഉയരുന്ന ആരോപണം. പ്രതിയെ രക്ഷിക്കുവാൻ എം.എൽ.എ ശ്രമിച്ചത് രാഷ്ട്രീയ ലക്ഷ്യം കൊണ്ടാണോ എന്നതിൽ കൃത്യമായ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments