തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനിലായതിനാല്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കേരള പോലീസ്. സമയനിയന്ത്രണത്തില്‍ മാത്രമല്ല കുട്ടികള്‍ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണമെന്ന് കേരള പോലീസ് നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിലും നിയന്ത്രണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു നിശ്ചിത അകലത്തില്‍ സൂക്ഷിക്കണമെന്നും ഇതിനായി ഒരു സ്ഥലം കണ്ടെത്തണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പകരം, പത്രങ്ങള്‍, പസിലുകള്‍, കോമിക്ക് പുസ്തകങ്ങള്‍, ബോര്‍ഡ് ഗെയിമുകള്‍, തുടങ്ങിയ സ്‌ക്രീന്‍ ഇതര വിഷയങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണമെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സമയനിയന്ത്രണത്തില്‍ മാത്രമല്ല കുട്ടികള്‍ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണം.
കുട്ടികള്‍ ചിലവഴിക്കുന്ന സമയ ദൈര്‍ഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികള്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ കാണുന്ന ഉള്ളടക്കവും നെറ്റ്‌വര്‍ക്കുകളും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കുട്ടികളുമായി വൈജ്ഞാനിക ഇടവേളകള്‍ക്ക് സമയം കണ്ടെത്തുക.
കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന, അവരുടെ ഭാഷാപരവും വൈജ്ഞാനികവും സാമൂഹികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്ന വിനോദ ഇടവേളകള്‍ ക്രമീകരിക്കുക. മാതാപിതാക്കള്‍ക്കും ഇത് ഗുണം ചെയ്യും.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണ സമയം.
പ്രതിദിനം ഒരു നേരമെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണസമയം സകുടുംബത്തിനുമായി കണ്ടെത്തുക. അത്തരം ഭക്ഷണ വേളകളിലെ സംഭാഷണങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ സാമൂഹികവും വൈകാരികവുമായ മാനസികനില വികസിപ്പിക്കാനും മുഴുവന്‍ കുടുംബത്തിനും സമ്മര്‍ദ്ദം ലഘൂകരിക്കാനും സഹായിക്കും.
കിടക്കുന്നതിന് മുന്‍പ് ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം വേണ്ട.
ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് എങ്കിലും സ്‌ക്രീന്‍ സമയം അവസാനിപ്പിക്കുന്നത് സുഖകരമായ ഉറക്കത്തിനും കൃത്യസമയത്ത് ഉണരുന്നതിനും കാരണമാകുന്നു.
ഇടവിട്ടുള്ള ‘സോഷ്യല്‍ മീഡിയ ഉപവാസം.’
അതാത് ആവശ്യങ്ങള്‍ക്കല്ലാതെ ജോലി സമയത്തും പഠന സമയത്തും അനാവശ്യ സോഷ്യല്‍ മീഡിയ ഉപയോഗം ഒഴിവാക്കുക. അതുമൂലം ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കൃത്യസമയത്ത് ചുമതലകള്‍ പൂര്‍ത്തിയാക്കാനും കഴിയുന്നു.
ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്ന കുട്ടികളെ അതില്‍ നിന്ന് പിന്തിരിപ്പിച്ച് അവരുടെ കൂട്ടുകാരോട് പാഠ്യവിഷയങ്ങളെ കുറിച്ചോ മറ്റു ക്രിയാത്മക വിഷയങ്ങളെ കുറിച്ചോ സംസാരിപ്പിക്കാം.
നല്ല ഹോബികള്‍ ശീലിപ്പിക്കുക , കഴിവുകള്‍ വികസിപ്പിക്കുക.
കുട്ടികളെ ഓഫ്‌ലൈനില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ആവേശകരമായ നിരവധി ഹോബികള്‍ ഓണ്‍ലൈനില്‍ ഉണ്ട്. ജോലി, പഠനം, സാമൂഹ്യവല്‍ക്കരണം, കളി തുടങ്ങി ജീവിതം ഓണ്‍ലൈനില്‍ ഒതുക്കാതെ മാതാപിതാക്കളും കുട്ടികളും ചേര്‍ന്ന് മറ്റു പല നല്ല വിഷയങ്ങളും കണ്ടെത്തി സജീവമാകണം
ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഒരു നിശ്ചിത അകലത്തില്‍ സൂക്ഷിക്കുക.
ഉടനെ എത്തി എടുക്കാന്‍ പറ്റാത്ത രീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനായി നിശ്ചിത അകലം പാലിച്ച് ഒരു സ്ഥലം കണ്ടെത്തുക. പകരം, പത്രങ്ങള്‍, പസിലുകള്‍, കോമിക്ക് പുസ്തകങ്ങള്‍, ബോര്‍ഡ് ഗെയിമുകള്‍, തുടങ്ങിയ സ്‌ക്രീന്‍ ഇതര വിഷയങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കുക.
വിരസതയും ചിലനേരം നല്ലതിനാണ്
വിരസമായ സമയങ്ങളില്‍ കുട്ടികള്‍ അവരുടേതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടിവരുമ്പോള്‍, അത് അവരുടെ ഭാവന വികസിപ്പിക്കാനുള്ള അവസരവുമാകുന്നു.
കുട്ടികള്‍ക്ക് മാതൃകയാവൂ.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിനു മുന്‍പ് രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണം.
Post Your Comments