കൊച്ചി: സംസ്ഥാന സർക്കാരിന്റെ അനാവശ്യ പരിശോധനയെ തുടർന്ന് കിറ്റെക്സ് കേരളം വിട്ട സാഹചര്യത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ. കിറ്റെക്സ് കേരളം വിട്ടുവെന്ന് കരുതി സംസ്ഥാനത്തെ വ്യവസായ പുരോഗതി മന്ദീഭവിക്കും എന്ന് ആരും കരുതേണ്ടെന്ന പ്രചാരണമാണ് സഖാക്കൾ നടത്തുന്നത്. ഇതിനെ പരിഹസിച്ചാണ് ജയശങ്കർ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.
‘കിറ്റെക്സ് മുതലാളി തെലങ്കാനയ്ക്കു പോയതു കൊണ്ട് കേരളം തളരും വ്യവസായ പുരോഗതി മന്ദീഭവിക്കും എന്നാരും മനപ്പായസമുണ്ണേണ്ട. ഒരു സാബു പോയാൽ ഒമ്പത് സാബുമാർ വരും. കിറ്റെക്സ് പൂട്ടിയാൽ റിലയൻസ് തുറക്കും. മുഖ്യമന്ത്രിയുടെ ഐതിഹാസിക സന്ദർശനത്തിനു ശേഷം ജപ്പാനിൽ നിന്ന് നിരവധി വ്യവസായികൾ ഇങ്ങോട്ടു പോരാൻ ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. ഗൾഫ്, യൂറോപ്പ്, അമേരിക്കൻ മുതലാളിമാരും പിന്നാലെയെത്തും. അങ്ങനെ സംസ്ഥാനത്ത് വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ഒന്നിച്ചു നടക്കും’, എന്നാണു ജയശങ്കർ പരിഹസിക്കുന്നത്.
Also Read:അർജന്റീനയെയും മെസ്സിയേയും പിന്തുണച്ച് ബ്രസീലിയൻ ആരാധകർ: രൂക്ഷ വിമർശനവുമായി നെയ്മർ
നേരത്തെ, കിറ്റെക്സ് വിഷയത്തിൽ വ്യവസായ കേരളം ഒറ്റക്കെട്ടാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഉള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി തെറ്റായ സന്ദേശം നൽകുന്നത് ശരിയല്ലെന്നും കിറ്റെക്‌സ് പ്രശ്‌നം ഒറ്റപ്പെട്ടതാണെന്നും പറഞ്ഞിരുന്നു. പരസ്യമായി കാര്യങ്ങൾ പറയുംമുമ്പ് കിറ്റെക്‌സിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമായിരുന്നു എന്നാണു മന്ത്രി പറഞ്ഞത്. ചിലർ പ്രകീർത്തിക്കുന്ന സംസ്ഥാനങ്ങളിൽ വ്യവസായ ഫാക്ടറികൾ അടക്കം കത്തിച്ചിട്ടുണ്ട്. അത്തരം അനുഭവമല്ല കേരളത്തിൽ. ഏത് സർക്കാരായാലും നല്ല വ്യവസായ അന്തരീക്ഷം ഇവിടെയുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments