Latest NewsKerala

കേരളം വിടാനുള്ള തീരുമാനത്തോടെ കിറ്റക്സ് ഓഹരികൾക്ക് കുതിച്ചു കയറ്റം: പ്രതികരണവുമായി സന്ദീപ് വാര്യർ

53 വർഷമായി കേരളത്തിൽ വ്യാവസായിക വിപ്ലവം ചരിത്രം സൃഷ്ടിച്ച വ്യവസായിയുടെ അവസ്ഥ ഇതാണെങ്കിൽ പതിനായിരവും ഇരുപതിനായിരവും മുടക്കി ജീവിതം തന്നെ പണയം വച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥയെന്താണെന്ന് ഊഹിക്കാം.

തിരുവനന്തപുരം: കേരളം വിടാനുള്ള തീരുമാനത്തോടെ കിറ്റക്സിന്റെ ഓഹരികൾക്ക് വൻകുതിച്ചു കയറ്റമുണ്ടായതിന്റെ കാരണം വ്യക്തമാക്കി സന്ദീപ് വാര്യർ.

സന്ദീപിന്റെ പ്രതികരണം :

‘കേരളം വിടാനുള്ള തീരുമാനം – കിറ്റക്സ് ഓഹരികൾക്ക് കുതിച്ചു കയറ്റം . ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് . ഇത് ഖേരളമാണ് .’


അതേസമയം കേരളത്തെ ഉപേക്ഷിച്ചു പോകുന്നതല്ല, ഇവിടെനിന്നു തന്നെ ചവിട്ടി പുറത്താക്കുകയാണെന്ന് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. തെലങ്കാന സർക്കാർ അയച്ച പ്രത്യേക ജെറ്റിൽ ഹൈദരാബാദിലേക്കു പോകുന്നതിനു നെടുമ്പാശ്ശേരിയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഒരിക്കലും കേരളം വിട്ടുപോകണമെന്നു വിചാരിച്ചിട്ടില്ല. എത്രകാലം ആട്ടും തുപ്പും ചവിട്ടും തൊഴിയും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. അതിനു സാധിക്കില്ല. വളരെ വിഷമത്തോടു കൂടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം സാബു എം. ജേക്കബ് പറഞ്ഞു.

കേരളത്തിൽ പതിനായിരക്കണക്കിന് ആളുകൾക്കു തൊഴിൽ കൊടുക്കണമെന്നത് പിതാവിന്റെ വലിയ സ്വപ്നമായിരുന്നു. പോകുന്നതല്ല, ആട്ടിയോടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇനിയെങ്കിലും കേരളത്തിൽ‍ ഒരു വ്യവസായിക്കും ഈ അനുഭവം ഉണ്ടാകരുത്. അതിനു കേരളം മാറി ചിന്തിക്കണം. 53 വർഷമായി കേരളത്തിൽ വ്യാവസായിക വിപ്ലവം ചരിത്രം സൃഷ്ടിച്ച വ്യവസായിയുടെ അവസ്ഥ ഇതാണെങ്കിൽ പതിനായിരവും ഇരുപതിനായിരവും മുടക്കി ജീവിതം തന്നെ പണയം വച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥയെന്താണെന്ന് ഊഹിക്കാം.

കേരളത്തിൽനിന്ന് 61 ലക്ഷം പേരാണ് തൊഴിൽ തേടി മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പോയിട്ടുള്ളത്. തമിഴ്നാട്ടിലേക്കു മാത്രം ഏഴു ലക്ഷം പേർ പോയിട്ടുണ്ട്. കുറെ കഴിയുമ്പോൾ കേരളം വൃദ്ധരുടെ നാടായി മാറും. കുറച്ചു വർഷം മുൻപ് കേരളത്തിൽ തൊഴിൽ തേടി വന്നിരുന്നതു തമിഴ്നാട്ടുകാരാണെങ്കിൽ ഇന്നതു മാറി. മലയാളികൾ അന്യസംസ്ഥാനങ്ങളിൽ പോയി ജീവിക്കുന്ന സാഹചര്യമാണുള്ളത്. കേരളം മാറിയില്ലെങ്കിൽ വലിയ ആപത്തിലേക്കാണ് നാം പോകുന്നത്. ഇതു മലയാളികളുടെ പ്രശ്നമാണ്. യുവാക്കളുടെ പ്രശ്നമാണ്. നമ്മൾ 50 വർഷം പുറകിലാണ്.

പരമ്പരാഗതമായാണ് ചിന്തിക്കുന്നത്. സാങ്കേതിക വിദ്യയും ലോകവുമെല്ലാം മാറിയിട്ടും കേരളം മാത്രം മാറിയില്ല. തനിക്ക് ഏതു സംസ്ഥാനത്തു പോയാലും ബിസിനസ് ചെയ്യാം. 3500 കോടിയുടെ ബിസിനസ് ഉപേക്ഷിക്കുന്നു എന്നു പറഞ്ഞിട്ട് ഒരാളും വിളിച്ചില്ല. അതേസമയം ഒൻപതു സംസ്ഥാനങ്ങളിൽനിന്നു വ്യവസായ മന്ത്രി അടക്കം വിളിച്ചു. സ്വകാര്യ ജെറ്റാണ് അയച്ചിരിക്കുന്നത്. ഇത് ആരോടുമുള്ള പ്രതിഷേധമല്ല. ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. ചവിട്ടി പുറത്താക്കുമ്പോൾ നിവൃത്തികേടുകൊണ്ടു പോകുന്നതാണ്. ഒരു വ്യവസായിക്കു വേണ്ടതു മനസമാധാനമാണ്. തനിക്കു കിട്ടാത്തതും അതാണ്. മൃഗത്തെ പോലെ 45 ദിവസം വേട്ടയാടി. ഒരാളും തിരിഞ്ഞു നോക്കിയില്ല.

തെലങ്കാനയിലേക്കു പോകാനുള്ള തീരുമാനത്തിനു കാരണം അതു വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതാണ്..ആദ്യമായി വളരെ താൽപര്യത്തോടെ തന്നെ സമീപിച്ചത് അവരാണ്. സ്വകാര്യ ജെറ്റ് അയച്ചതിനാലാണ് പോകുന്നത്.ഇവരുമായി സംസാരിച്ചു നോക്കിയ ശേഷം മറ്റു സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കും. മുഖ്യമന്ത്രിയെ വിളിക്കാത്തത് വേലി തന്നെ വിളവു തിന്നുമ്പോൾ ആരോടു പരാതി പറയാനാണ് എന്നു കരുതിയാണ്. മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ചർച്ച ചെയ്ത ശേഷം വ്യവസായ മന്ത്രി പുറത്തു വന്നു പറഞ്ഞത് ഇത്രയേറെ വ്യവസായ സൗഹൃദ സംസ്ഥാനം വേറെ ഇല്ലെന്നാണ്.

ഉദ്യോഗസ്ഥർ പറഞ്ഞതെല്ലാം ശരിയെന്നു പറയുമ്പോൾ തന്നെ ആദ്യം ഇറക്കിയ ഉത്തരവ് പിൻവലിക്കേണ്ടി വന്നത് തെറ്റില്ലാഞ്ഞിട്ടല്ല. പകരം തെറ്റില്ലെന്നു പറഞ്ഞു വഞ്ചിക്കുകയാണ് എന്നും സാബു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button