തിരുവനന്തപുരം: റെറ(Kerala Real Estate Regulatory Authority)യിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമാണ പുരോഗതിയും ഇനിമുതൽ വിരൽ തുമ്പിൽ അറിയാം. ഇതിനായി റെറ പുതിയ വെബ്‌പോർട്ടൽ അവതരിപ്പിച്ചു. rera.kerala.gov.in എന്ന വെബ്‌പോർട്ടലാണ് അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ നിർവ്വഹിച്ചു.
റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമ പ്രകാരമുള്ള അനുമതികളുമെല്ലാം ഈ പോർട്ടലിൽ ലഭ്യമാകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമാണ പുരോഗതി ഡെവലപ്പർമാർ ഇതിൽ ലഭ്യമാക്കണമെന്നും ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരു വിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും. ഫ്‌ളാറ്റുകളും വില്ലകളും വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കും അഡ്വാൻസ് നൽകിയവർക്കും വായ്പ നൽകുന്ന ബാങ്കുകൾക്കും എല്ലാം ഏറെ ഉപകാരപ്രദമായ ഒന്നാണ് ഈ വെബ്‌പോർട്ടൽ’ എന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ കഴിയുന്നത്ര സുതാര്യത ഉറപ്പാക്കാൻ വെബ്‌പോർട്ടൽ സജ്ജമാകുന്നതോടെ സാധിക്കുമെന്നും ഏതെങ്കിലും ഡെവലപ്പർ തെറ്റായ വിവരം നൽകിയതായി ശ്രദ്ധയിൽപെട്ടാൽ അവർക്കെതിരെ നിയമനടപടിയുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: സിക്ക വൈറസ് ലൈംഗിക ബന്ധത്തിലൂടെ പകരുമോ? കോണ്ടം ഉപയോഗിച്ചാൽ തടയാനാകുമോ?
Post Your Comments