തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികൾക്കിടെ സംസ്ഥാനത്ത് സിക്ക വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്. തിരുവനന്തപുരം നഗരസഭാ പരിധിയിലെ 13 പേര്‍ക്കാണ് ഇതുവരേക്ക് സിക്ക വൈറസ് ബാധിച്ചത്. 1947ല്‍ ആഫ്രിക്കന്‍ രാജ്യമായ യുഗാണ്ടയിലെ കുരങ്ങുകളിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. 2014ല്‍ ആണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ഈ വൈറസ് കണ്ടെത്തിയത്. 2015 ന്റെ തുടക്കത്തില്‍ ബ്രസീലിലാണ് സിക്ക രോഗം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണ്.
ഗർഭിണികളെയാണ് സിക്ക വൈറസ് കാര്യമായി ബാധിക്കുക. ഗർഭിണികളെ സിക്ക വൈറസ് ബാധിച്ചാൽ അബോർഷൻ, തലയോട്ടി ചെറുതായി കുഞ്ഞ് ജനിക്കുക, കുഞ്ഞിന് വളർച്ച പ്രശ്നം പോലുള്ള പ്രശ്നങ്ങളുണ്ടാകാം. 2015 ൽ ബ്രസീലില്‍ നാലായിരത്തോളം കുഞ്ഞുങ്ങൾ തലയോട്ടി ചുരുങ്ങിയ അവസ്ഥയില്‍ ജനിച്ചിരുന്നു.
പ്രധാനമായും നാല് വഴികളിലൂടെയാണ് സിക്ക വൈറസ് ബാധിക്കുക:
* ലെെംഗിക ബന്ധത്തിലൂടെ ബാധിക്കും. രോഗബാധിതനായ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വഴിയും രോഗം പകരാം. ചിലർക്ക് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങളൊന്നുമില്ലാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക വഴി രോഗം പകരാനുള്ള സാധ്യതയും കൂടുതലാണ്. കോണ്ടം ഉപയോഗിച്ചുള്ള ലൈംഗികബന്ധം ആണെങ്കിൽ രോഗം പടരാനുള്ള സാധ്യത കുറയുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
* കൊതുക് കടിയേറ്റാൽ. ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ഈഡിസ് പോലുള്ള കൊതുകുകളുടെ കടിയേല്‍ക്കുന്നതു മൂലമാണ് രോഗം പകരുന്നത്. ശൈത്യകാലാവസ്ഥയുള്ള സ്ഥലങ്ങളിലാണെങ്കിൽ പടർച്ച സാധ്യത കുറയും.
*അമ്മയ്ക്ക് രോഗം ഉണ്ടെങ്കിൽ കുട്ടിയ്ക്കും രോഗം പകരാം.
* രോഗം ബാധിച്ച ഒരാളിൽ നിന്ന് രക്തം സ്വീകരിക്കുന്നതിലൂടെയും സിക്ക വെെറസ് പിടിപെടും.
വൈറസിന്റെ ലക്ഷണങ്ങൾ:
ശക്തമായ തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന എന്നിങ്ങനെ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് സിക്കയ്ക്കുമുള്ളത്.
ഏഴ് മുതൽ പത്ത് ദിവസം കൊണ്ട് രോഗം മാറും. പേടിക്കേണ്ട ഒരു രോഗമല്ല എന്നാണു വിദഗ്ധർ പറയുന്നത്. വിശ്രമം, ശരിയായ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ കൊണ്ട് തന്നെ സിക്ക വൈറസിനെ പ്രതിരോധിക്കാൻ കഴിയും. ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടി വരില്ല. കൊതുകുനിർമ്മാർജ്ജനം ആണ് സിക്ക വരാതിരിക്കാൻ ചെയ്യേണ്ട മാർഗം. ഇതിനായി വീടിനും സമീപത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം.
Post Your Comments