തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ കൈത്തറി ഗ്രാമം എന്ന നിലയിലാണ് തിരുവനന്തപുരം ബാലരാമപുരം അറിയപ്പെടുന്നത്. എന്നാൽ ഇവിടുത്തെ നെയ്ത്ത് തൊഴിലാളികൾ ഇന്ന് കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൊവിഡ് വ്യാപനത്തിന് ശേഷം രണ്ട് വർഷമായി കൈത്തറി തൊഴിലാളികൾക്ക് അവഗണന മാത്രമാണ് സർക്കാർ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ചെയ്യുന്ന കൂലിക്ക് അന്നന്ന് ലഭിക്കുന്ന തുച്ഛമായ കൂലി മാത്രമാണ് വരുമാന മാർഗ്ഗം എന്നിരിക്കെ തറിയൊച്ചകൾ നിലക്കുമ്പോഴും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഇവർ പ്രതീക്ഷ വെയ്ക്കുന്നു.
അടിയന്തരമായി സർക്കാർ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ തൊഴിലാളികളും അവരുടെ കുടുംബവും നിത്യ പട്ടിണിയിലാകുമെന്നതാണ് അവസ്ഥ. സംസ്ഥാനത്ത് നെയ്ത്ത് മേഖലയിൽ മാത്രം പതിനായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് . എന്നാൽ മെച്ചപ്പെട്ട വേതനം നിഷേധിക്കപ്പെട്ടാണ് ഇവർ പകലന്തിയോളം നെയ്ത്ത് ശാലയിൽ പണിയെടുക്കുന്നത്. ഒന്നോ രണ്ടോ പുടവകൾ മാത്രം നെയ്യാൻ സാധിക്കുമെന്നിരിക്കെ ഒരു മുണ്ട് നെയ്യുന്നതിന് 155 രൂപയാണ് ഇവർക്ക് നൽകപ്പെടുന്നത്. രാവിലെ ഏഴ് മണിക്ക് നെയ്ത്ത് ശാലയിൽ എത്തുന്ന ഇവർ അഞ്ച് വരെ പണിയെടുക്കും. കിട്ടുന്ന തുച്ഛമായ വരുമാനത്തിന് വീട്ട് സാധനം പോലും വാങ്ങാനാവില്ലെന്നതാണ് ഇവർ പരാതി ഉന്നയിക്കുന്നത്.
എന്നാൽ കൂലി വർദ്ധിപ്പിച്ച് നൽകാനാകട്ടെ നെയ്ത്തുടമകൾ തയ്യാറാകുന്നതുമില്ല. എത്രയും വേഗം വ്യവസായ വകുപ്പിൻ്റെ ശ്രദ്ധ ഇവിടെ പതിയണമെന്നും ദുരിത കയത്തിൽ നിന്നും തങ്ങളെ പിടിച്ചുയർത്തണമെന്നുമാണ് ബാലരാമപുരത്തെ നെയ്ത്തുകാരുടെ ആവശ്യം.
Post Your Comments