തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ്, നമ്പി നാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നുവെന്ന് അന്ന് കേസ് അന്വേഷിച്ച സിബി മാത്യൂസ് പറയുന്നു. ചാരക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്തത് ഐ ബി ഉദ്യോഗസ്ഥനായ ആര് ബി ശ്രീകുമാറിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Read Also : 28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി: ആശയവിനിമയം നഷ്ടപ്പെട്ടെന്ന് അധികൃതര്‍
വിദേശ വനിതകളും നമ്പി നാരായണനും ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിബി മാത്യൂസ് പറയുന്നു. ചാരക്കേസില്‍ പ്രതികളുടെ അറസ്റ്റിന്റെ പൂര്‍ണ ഉത്തരവാദിത്തം ഐ ബി ഉദ്യോഗസ്ഥരുടെ മേല്‍ചാരിയാണ് സിബി മാത്യൂസിന്റെ ജാമ്യ ഹര്‍ജി.
അതേസമയം, സിബി മാത്യൂസ് നല്കിയ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നമ്പി നാരായണനും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും. ചാരക്കേസില്‍ നമ്പി നാരായണനെ കുരുക്കാന്‍ പൊലീസ് -ഐ ബി ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന സിബിഐ കേസില്‍ നാലാം പ്രതിയാണ് സിബി മാത്യൂസ്.
‘നമ്പി നാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയില്‍ നിന്നും വ്യക്തമായിരുന്നു. നമ്പി നാരായണനെയും അന്നത്തെ ഐ ജിയായിരുന്ന രമണ്‍ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാന്‍ ഐ ബി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സി ബി ഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. പക്ഷെ കേസ് ഏറ്റെടുത്ത സി ബി ഐ പലകാര്യങ്ങളും മറച്ചുവെച്ചു’ സിബി മാത്യൂസ് പറഞ്ഞു.
‘ഐ ബിയും റോയും നല്കിയ വിവരമനുസരിച്ചാണ് ചാരക്കേസില്‍ മാലി വനിതകളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസില്‍ മറിയം റഷീദയുടെ പങ്കിനെ കുറിച്ച് ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര് ബി ശ്രീകുമാറാണ് വിവരം നല്‍കിയത്. മാലി വനിതകളുടെ മൊഴിയില്‍ നിന്നും ശാസ്ത്രജ്ഞര്‍ ചാരപ്രവര്‍ത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ് വര്‍ക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയില്‍ നിന്നും വ്യക്തമായി’ സിബി മാത്യൂസ് നല്കിയ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
Post Your Comments