ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ ഐ ടി ചട്ടങ്ങൾ ട്വിറ്റർ പാലിച്ചില്ലെങ്കിൽ നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് ഡൽഹി ഹൈക്കോടതി. ഐ ടി ചട്ടങ്ങൾ പാലിക്കാൻ ഇനിയും എത്ര സമയമെടുക്കുമെന്ന് ചോദിച്ച കോടതി രാജ്യത്തെ നിയമങ്ങൾ ലംഘിക്കാൻ അനുവദിക്കില്ലെന്നും കമ്പനിയ്ക്ക് താക്കീത് നൽകി.ജസ്റ്റിസ് രേഖ പള്ളി അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ട്വിറ്ററിന് ഒരു തരത്തിലുള്ള സംരക്ഷണവും കോടതി നൽകില്ലെന്നും നിയമങ്ങൾ ലംഘിച്ചാൽ എന്ത് നടപടി വേണമെങ്കിലും കേന്ദ്രത്തിന് സ്വീകരിക്കാമെന്നും കോടതി നിർദ്ദേശിച്ചു. കേന്ദ്ര ഐ ടി നിയമങ്ങൾ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ശ്രമത്തിലാണ് ട്വിറ്റർ എന്നാണ് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചത്. എന്നാൽ ഇത്രയും നാൾ സമയം തന്നിട്ടും എന്തുകൊണ്ട് നിയമനം നടത്തിയില്ല എന്നും കോടതി ചോദിച്ചു.
കേന്ദ്രത്തിന്റെ പുതുക്കിയ ഐ ടി ചട്ടങ്ങൾ പാലിക്കുന്നതിൽ ട്വിറ്റർ പരാജയപ്പെട്ടെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ട്വിറ്റർ ഇതുവരെ ചീഫ് കംപ്ലയൻസ് ഓഫീസറെയോ, റെസിഡന്റ് ഗ്രീവൻസ് ഓഫീസറെയോ, നോഡൽ കോൺടാക്ട് പേഴ്സണേയോ നിയോഗിച്ചിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.
Post Your Comments