ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടന ബുധനാഴ്ച ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവിടും. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു.
Read Also : എന്‍.ഡി.എ സര്‍ക്കാരിനെതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ നിന്ന് മരിച്ചാലും പിന്‍വാങ്ങില്ല : ലാലു പ്രസാദ് യാദവ്
അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എം പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ ഡി യു നേതാവ് ആര് സി പി സിംഗ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് ഇവരില്‍ പലരും ഡല്‍ഹിയിലെത്തി. ഇന്ന് വൈകുന്നേരത്തോടെ ജ്യോതിരാദിത്യ സിന്ധ്യ തലസ്ഥാനത്തെത്തും.
മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും എം പിയുമായ നാരായണ്‍ റാണെയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹവും മോദി മന്ത്രിസഭയില്‍ അംഗമായേക്കും. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറിയ നേതാവാണ് കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള നാരായണ്‍ റാണെ. 2024 ലെ പൊതുതിരഞ്ഞെടുപ്പും അതിന് മുമ്പ് നടക്കേണ്ട യുപി നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടുകൊണ്ടാകും അഴിച്ചുപണിയെന്നാണ് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് ആറ് മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണ് വിവരം.
അതേസമയം കേരളത്തില്‍ നിന്ന് ഇത്തവണ പ്രാതിനിധ്യം ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് സംസ്ഥാനം. കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക് കേരളത്തില്‍ നിന്നും ആരുടേയും പേര് ഉയര്‍ന്നുവരാത്ത സാഹചര്യത്തില്‍ വി.മുരളീധരന് കേന്ദ്രമന്ത്രിയായി തുടരുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.
Post Your Comments