തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ, സംസ്ഥാനത്തെ കോവിഡ് കേസുകളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിരുന്നു. പട്ടിക പുറത്തുവന്നതോടെ, ഇതിലെ കള്ളക്കളികളും പുറത്തുവന്നിരിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ഏറ്റവും കുറഞ്ഞ മരണ നിരക്കിന്റെ പേരിലുള്ള അവകാശവാദമായിരുന്നു ഇത്രയും നാൾ കേരളം ഉയർത്തിപ്പിടിച്ചിരുന്നത്. സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മരണപ്പെവർ 13,716 പേരാണ്. എന്നാൽ, ഇത്രയും തന്നെ പേരുടെ ലിസ്റ്റ് മറച്ചുവെച്ചിരിക്കുകയാണെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
സർക്കാർ, മരണക്കണക്കിൽ വെള്ളം ചേർത്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. കോവിഡ് പട്ടികയിൽ ഉൾപ്പെടുത്താത്ത മരണങ്ങൾ എത്രയും പെട്ടന്ന് ഉൾപ്പെടുത്തണമെന്ന് അറിയിച്ചത് ആരോഗ്യമന്ത്രി വീണ ജോർജ് ആണ്. ഇപ്പോഴിതാ, നിലവിലുള്ള കോവിഡ് മരണങ്ങളുടെ അത്ര തന്നെ മരണങ്ങൾ പട്ടികയിൽ ഉൾപ്പെടാതെ പുറത്താക്കപ്പെട്ടിരിക്കുന്നുവെന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് 13,000 കോവിഡ് മരണങ്ങൾ ഔദ്യോഗിക പട്ടികയ്ക്കു പുറത്താണെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചാൽ പട്ടികയിൽ നിന്നും പുറത്തായവരുടെ കുടുംബങ്ങൾക്ക് യാതൊന്നും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് മരണക്കണക്കിൽ വ്യക്തത വരുത്താൻ സർക്കാർ തീരുമാനിച്ചത്.
Also Read:സ്റ്റാൻ സാമിയുടേത് മരണമല്ല, ജുഡീഷ്യൽ കൊലപാതകമാണ്: ചന്ദ്രശേഖർ ആസാദ്
കോവിഡ് ബാധിച്ച് മരിച്ച പതിമൂവായിരത്തോളം പേരുടെ വിവരങ്ങൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തില്ലെന്നാണ് മനോരമയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്ന് ഏഴായിരത്തോളം കോവിഡ് മരണവും ബാക്കി 8 ജില്ലകളിലായി ആറായിരത്തിലേറെ മരണം കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, സംസ്ഥാനമാകെ 13,000 കോവിഡ് മരണം ഔദ്യോഗിക പട്ടികയ്ക്കു പുറത്തായി.
തദ്ദേശസ്ഥാപനങ്ങൾക്ക് ആശുപത്രികളിൽ നിന്ന് യഥാർഥ കണക്കുകൾ ആണ് കൈമാറിയിരുന്നതെങ്കിലും സംസ്ഥാന ഡെത്ത് ഓഡിറ്റ് സമിതി ഇതിൽ പല മരണങ്ങളും കോവിഡിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. കോവിഡിനെ തുടർന്ന് മാറ്റ് അസുഖങ്ങൾ ഉണ്ടാവുകയും ഇത് മൂലം മരണമടയുകയും ചെയ്തവരെ ഒന്നും ആരോഗ്യവകുപ്പ് കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട്. ഇങ്ങനെയുള്ളവർക്ക് സർക്കാർ ആനുകൂല്യം ലഭ്യമാകില്ല.
Also Read:ലോകമെങ്ങുമുള്ള മലയാളികള്‍ ഒന്നിച്ചപ്പോള്‍ ഒന്നര വയസുകാരന്റെ ചികിത്സയ്ക്കായി 18 കോടി യാഥാര്‍ത്ഥ്യമായി
ജില്ലകളിൽ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും കോവിഡ് മരണ നിരക്കിന്റെ പട്ടിക ഇങ്ങനെ;
പാലക്കാട് ജില്ലയിലെ ആരോഗ്യവകുപ്പിന്റെ മരണസംഖ്യ 1173, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 2571. മലപ്പുറത്ത് ഔദ്യോഗിക കണക്ക് 1197, തദ്ദേശസ്ഥാപനങ്ങളിൽ 2758. തൃശൂരിൽ ഔദ്യോഗിക കണക്ക് 1390, ആരോഗ്യ വിഭാഗത്തിന്റെ മരണപ്പട്ടികയിൽ തന്നെ 2192 പേരുണ്ട്. പത്തനംതിട്ടയിൽ ഔദ്യോഗിക കണക്ക് 431, തദ്ദേശ സ്ഥാപന കണക്കനുസരിച്ച് 933. കണ്ണൂരിൽ ഔദ്യോഗിക കണക്ക് 850, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 1981. കാസർകോട്ട് ഔദ്യോഗികം 235, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 741. ഇടുക്കിയിൽ ഔദ്യോഗികം 143, തദ്ദേശസ്ഥാപനങ്ങളിലെ കണക്കിൽ 394. വയനാട്ടിൽ ഔദ്യോഗികം 227, തദ്ദേശസ്ഥാപനങ്ങളിലെ കണക്ക് 342.
ഈ കണക്കുകൾ സൂചിപ്പിക്കുന്നത്, ഓരോ ജില്ലകളിലും പകുതിയോളം മരണങ്ങൾ കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ്. ഓരോ ദിവസവും അഞ്ചും പത്തും കേസുകൾ പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു. യഥാർഥ മരണം കാൽ ലക്ഷത്തിനുമേൽ ആണെന്ന വസ്തുതയാണ് ഈ കണക്കുകൾ പ്രകാരം വ്യക്തമാകുന്നത്. കേരളത്തിൽ കോവിഡ് ബാധിച്ച് ജൂൺ വരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്നു യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടനിലെ ആരോഗ്യ ഗവേഷണ വിഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാല്യുവേഷന്റെ (ഐഎച്ച്എംഇ) പുതിയ റിപ്പോർട്ട് കൂട്ടിവായിക്കുമ്പോൾ മരണക്കണക്കിലെ കളികൾ വ്യക്തമാവുകയാണ്.
Post Your Comments