ലഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ് ദവ മേധാവിയുമായ ഹാഫിസ് സയീദിന്റെ വസതിക്ക് പുറത്ത് ജൂണ്‍ 23ന് നടന്ന സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയാണെന്ന് ആരോപിച്ച് പാകിസ്ഥാന്‍. വന്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഭാഗമായ ഇന്ത്യക്കാരനാണെന്ന് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസഫ് വെളിപ്പെടുത്തി . പാകിസ്ഥാനെതിരെ ഇന്ത്യ നടത്തുന്ന ഭീകരാക്രമണ നീക്കങ്ങളുമായി ലഹോറിലെ സ്‌ഫോടനത്തിന് ബന്ധമുണ്ടെന്നും ഇതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധമുയരണമെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ആവശ്യപ്പെട്ടു.
അതെ സമയം സ്‌ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് മൊയീദ് യൂസഫ് ആരോപിച്ചു. സാമ്പത്തിക രേഖകളും ടെലഫോണ്‍ റെക്കോര്‍ഡുകളും തെളിവാണെന്നും ഇത് തീവ്രവാദികള്‍ക്ക് ലഭിച്ച ഇന്ത്യന്‍ സഹായം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു . പീറ്റര്‍ പോള്‍ ഡേവിഡ് ആണ് സ്‌ഫോടനത്തെ പാകിസ്ഥാന് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെടുത്തിയതെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ പൊലീസ് മേധാവി വെളിപ്പെടുത്തി .
സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ ഒരുക്കിയത് ഇയാളാണെന്നും ഇയാളുടെ സാമ്പത്തിക രേഖകള്‍, വാട്‌സാപ്പ് ചാറ്റുകള്‍ തുടങ്ങിയവ തെളിവായി ലഭിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു . അതെ സമയം പാകിസ്ഥാന്റെ ആരോപണത്തെ കുറിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ , പാക് ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments