കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇത് അർജുൻ സമ്മർദ്ദത്തിലാക്കാനാണെന്നാണ് സൂചന. അര്‍ജുന്റെ ഭാര്യ, ടി.പി. കേസ് പ്രതി ഷാഫി, കൊടി സുനി എന്നിവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച വിവരം അറിഞ്ഞതോടെ അര്‍ജുന്‍ ചോദ്യം ചെയ്യലിനോടു കൂടുതല്‍ സഹകരിക്കുന്നുണ്ട്. സ്വര്‍ണക്കടത്തും കവര്‍ച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണാണ് അര്‍ജുന്‍ നശിപ്പിച്ചത്. ഇതോടെ വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാകുകയാണ്.
നാളെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ കൂടി കസ്റ്റംസിന് ലഭിക്കേണ്ടതുണ്ട്. കാരിയറായ മുഹമ്മദ് ഷെഫീഖിെന്റ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലില്‍ ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരെ പരിചയമുണ്ടെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ഇവരുടെ പങ്കാളിത്തം ഏത് തരത്തിലായിരുന്നുവെന്നോ പിന്നിലുള്ള മറ്റ് പ്രധാനികള്‍ ആരാണെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ലെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം.
ഫോണ്‍ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങള്‍ കണ്ടെത്തുക എളുപ്പമല്ല. രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവില്‍പോയ അര്‍ജുന്‍ സംരക്ഷകരെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചതും വാട്‌സാപ്, ടെലിഗ്രാം ആപ്പുകള്‍ വഴിയാണ്. അര്‍ജുന്റെ ‘ലീഡര്‍’ അടക്കമുള്ളവരുടെ ഫോണുകള്‍ പിടിച്ചെടുത്താല്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ വീണ്ടെടുക്കാന്‍ കഴിയൂ.
അര്‍ജുന്‍ ആയങ്കിയുടെ സാമ്പത്തിക വളര്‍ച്ചയുടെ കാരണവും കണ്ടെത്താന്‍ കഴിയും. അതേസമയം അര്‍ജുന്‍ ആയങ്കിയെ ചോദ്യം ചെയ്തതില്‍ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും സഹായം ലഭിച്ചതായി മൊഴി നല്‍കിയിരുന്നു. ഒളിവില്‍ കഴിയാനും ടി.പി വധക്കേസ് പ്രതികള്‍ സഹായിച്ചിട്ടുണ്ടെന്നും അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയിട്ടുണ്ട്. ഷാഫിയോട് ബുധനാഴ്ച കൊച്ചി ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments