ചെന്നൈ: കേരളത്തിന് പുറത്തും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ ക്രമക്കേടെന്ന് ആരോപണം. കോവിഡ് മരണനിരക്കിനെച്ചൊല്ലി തമിഴ്നാട്ടിലാണ് ഇപ്പോൾ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ മരണം ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്കുകൾ സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈകോടതി തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Also Read:ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് : ഇന്നത്തെ നിരക്കുകൾ അറിയാം
തമിഴ്നാട്ടിൽ 2021 ജൂലൈ രണ്ട് വരെ 32,818 മരണം സംഭവിച്ചതായാണ് സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ പറയുന്നത്. എന്നാല്‍ ‘അറപ്പോര്‍ ഇയക്കം’ എന്ന സന്നദ്ധ സംഘടന നടത്തിയ അനൗദ്യോഗിക സർവേ പ്രകാരം ഒരു ലക്ഷത്തിലധികം പേര് മരിച്ചതായാണ് ആരോപിക്കുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ കണക്കുകളിലെ പൂഴ്ത്തിവെയ്പ്പ് ചർച്ചയായത്. രണ്ടാം തരംഗത്തില്‍ ഇരുപതിനായിരത്തില്‍പരം പേര് മരിച്ചതായാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ടെങ്കിലും മൂന്നിരട്ടി മരണം സംഭവിച്ചതായാണ് പറയപ്പെടുന്നത്.
നിരവധി മലയാളികളും പൂഴ്ത്തിവച്ച കോവിഡ് മരണങ്ങളുടെ പട്ടികയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ കണക്ക് ചെന്നൈയിലെ നോര്‍ക്ക റൂട്ട്സ് അധികൃതരുടെ പക്കൽ പോലുമില്ല. ഒന്നാം തരംഗത്തിന്റെ തുടക്കത്തില്‍ നാട്ടിലേക്ക് പോകാന്‍ താല്പര്യമുള്ള പ്രവാസി മലയാളികളുടെ രജിസ്ട്രേഷന് നടപടികള്‍ മാത്രമാണ് ഇവര്‍ സ്വീകരിച്ചത്.
ഇരുന്നൂറോളം മലയാളികള്‍ ഇതിനോടകം തന്നെ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടാവുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍സ്(സി.ടി.എം.എ) ഭാരവാഹികള്‍ പറയുന്നത്. മരിച്ച മലയാളികളെയെല്ലാം തമിഴ്നാടിന്റെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കേരളത്തിലേതു പോലെ തന്നെ തമിഴ്നാട്ടിലും കോവിഡ് മരണങ്ങളുടെ ക്രമക്കേടിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളുമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
Post Your Comments