ശ്രീനഗര്‍: ജമ്മുവില്‍ ഡ്രോണിന് സമാനമായ വസ്തുവിനെ കണ്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലുള്ള ബിര്‍പൂരില്‍ ഡ്രോണെന്ന് തോന്നിപ്പിക്കുന്ന പറക്കുന്ന വസ്തുവിനെ കണ്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി 8.35ഓടെയാണ് സംഭവം.
സംഭവത്തിന് പിന്നാലെ മേഖലയില്‍ സുരക്ഷാ സേന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പറക്കുന്ന വസ്തു ഡ്രോണ്‍ ആണെന്ന് പറയാന്‍ കഴിയില്ലെന്ന് സാംബ പോലീസ് അറിയിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ജമ്മു കശ്മീരില്‍ ഭീകരര്‍ പ്രകോപനം തുടരുകയാണ്. ജമ്മുവിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ സ്‌ഫോടനം നടന്ന ശേഷം വിവിധ സൈനിക താവളങ്ങള്‍ക്ക് സമീപം ഡ്രോണുകള്‍ എത്തിയിരുന്നു.
ജൂണ്‍ 27നാണ് ജമ്മുവില്‍ ഇരട്ട സ്‌ഫോടനം നടന്നത്. ഇതിന് ശേഷമുള്ള ഒരാഴ്ചയ്ക്കിടെ അഞ്ച് തവണയാണ് വിവിധയിടങ്ങളില്‍ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. അര്‍ണിയ സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപം ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.25ഓടെയാണ് അവസാനമായി ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെയും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിന്റെയും പശ്ചാത്തലത്തില്‍ ജമ്മുവിലെ സൈനിക സ്‌റ്റേഷനുകള്‍ അതീവ ജാഗ്രതയിലാണ്.
Post Your Comments