ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍. ഹിന്ദു ദൈവങ്ങളെ അവഹേളിക്കാനും ഇതുവഴി സമൂഹത്തില്‍ വിദ്വേഷം പരത്താനും ട്വിറ്റര്‍ കൂട്ടുനിന്നതായാണ് പരാതി. ട്വിറ്റര്‍ ഇന്ത്യയ്ക്കും എംഡിയായ മനീഷ് മഹേശ്വരിയ്ക്കുമെതിരെയാണ് അഭിഭാഷകനായ ആദിത്യ സിംഗ് ദേശ്‌വാള്‍ പോലീസില്‍ പരാതി നല്‍കിയത്.
Also Read: വിസ്മയയുടെ മരണം : കിരൺ നിരപരാധി, പോലീസ് മനഃപൂർവ്വം കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആളൂർ
നിരീശ്വരവാദിയെന്ന് അവകാശപ്പെടുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവ് പതിവായി ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ആദിത്യ സിംഗിന്റെ പരാതിയില്‍ പറയുന്നു. കാളി ദേവിയെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ പങ്കുവെച്ച് ഹിന്ദു മതത്തെ ബോധപൂര്‍വ്വം അപമാനിക്കുകയാണെന്നും ഇയാള്‍ ഇതിന് മുമ്പും സമാനമായ രീതിയില്‍ ഹിന്ദു മതത്തെ അപമാനിച്ചിട്ടുണ്ടെന്നുമാണ് പരാതി.
ഇത്തരം കുറ്റകരമായ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നില്ലെന്നും ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നും ആദിത്യ സിംഗ് പരാതിപ്പെട്ടു. ഒരു മാസം കഴിഞ്ഞിട്ടും ഈ ട്വീറ്റ് നീക്കം ചെയ്തിട്ടില്ലെന്നും ആദിത്യ സിംഗ് ചൂണ്ടിക്കാട്ടി. പരാതിയില്‍ ഡല്‍ഹി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments