ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഐസിഎംആറിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായിട്ടാണ് കേരളത്തിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൃതദേഹത്തിൽ നിന്ന് കോവിഡ് ഒരു മണിക്കൂർ നേരത്തേക്ക് വിട്ടുനിൽക്കുമെന്ന അപഹാസ്യകരമായ ഉപദേശം മുഖ്യമന്ത്രി പിണറായി വിജയന് ആരാണ് നൽകിയതെന്നും അദ്ദേഹം പരിഹസിച്ചു.
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ളവർ ചോദിക്കുന്നത് രോഗിയെ പരിശോധിക്കുകയോ രോഗിയെ നേരിട്ട് കാണുകയോ ചെയ്തിട്ടില്ലാത്ത ഒരു ആരോഗ്യ വിദഗ്ധൻ എങ്ങനെ കോവിഡ് മരണമാണോ അല്ലയോ എന്ന് തീരുമാനമെടുക്കുമെന്ന് അദ്ദേഹം ചോദിച്ചു. ജില്ലകളിൽ നിന്ന് വരുന്ന കണക്കുകൾ സംസ്ഥാനതലത്തിൽ പരിശോധിച്ച് അത് കോവിഡ് മരണമാണെന്നും അല്ലെന്നും നിശ്ചയിക്കുന്നതിലെ അശാസ്ത്രീയത ജനങ്ങൾക്ക് മുഴുവൻ ബോധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഒരു മണിക്കൂർ നേരത്തേക്ക് ബന്ധുക്കൾക്ക് ചടങ്ങുകൾ പൂർത്തിയാക്കാൻ വീടുകളിൽ കൊണ്ടുപോകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഒരു മണിക്കൂർ നേരത്തേക്ക് കോവിഡ് ബാധയുണ്ടാകില്ലെന്ന് ആരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉപദേശം നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞ് എന്തിനാണ് പിന്നെ തിരിച്ചുകൊണ്ടുപോകുന്നത്. അവിടെ തന്നെ മറ്റുചടങ്ങുകളും ചെയ്താൽ പോരെ. ഒരു മണിക്കൂർ നേരത്തേക്ക് കോവിഡ് മാറിനിൽക്കുമെന്ന അസംബന്ധകരമായ ഒരു ഉപദേശം ആര് നൽകിയെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
Post Your Comments