ന്യൂഡൽഹി: ഇന്ത്യയിൽ മതപരിവർത്തനം അപൂർവ്വം മാത്രം സംഭവിക്കുന്ന കാര്യമാണെന്ന വിചിത്രമായ സർവേ ഫലം പുറത്തുവിട്ട് പ്യൂ റിസേര്‍ച്ച് സെന്റര്‍. മതപരിവര്‍ത്തനത്തിലൂടെ ഇന്ത്യയില്‍ നിലവില്‍ ഒരു മതവിഭാഗവും വളരുന്നില്ലെന്നാണ് ഇവരുടെ കണ്ടെത്തൽ. ഒരു നിശ്ചിത ആളുകൾ മറ്റൊരു മതത്തിലേക്ക് ചേക്കേറുകയാണെങ്കിൽ അതേ അളവിൽ ആ മതത്തിലെ ആളുകൾ തിരിച്ചിങ്ങോട്ടും വരുന്നുണ്ടെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.
30,000 ത്തോളം ആളുകളുമായി നടത്തിയ സർവേ ഫലമാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തുവിട്ടത്. ‘ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും’ എന്ന പേരിലാണ് ഇവർ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മതം, സ്വത്വം, രാഷ്ട്രീയം എന്നിവയുടെ സങ്കീർണ്ണമായ ഇടപെടലിനെക്കുറിച്ചുള്ള ഒറ്റനോട്ടമാണ് സർവേ നടത്തുന്നത്. ആചാരാനുഷ്ഠാനം മുതൽ സാമൂഹിക സ്വത്വം, വിശ്വാസം, പ്രയോഗം എന്നിവ വരെയുള്ള എല്ലാകാര്യങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്തുവരുന്നതെന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ് എന്നതാണ് ഇതിന്റെ പ്രധാനകാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ഹിന്ദു മതം ഉപേക്ഷിക്കുന്നതിനേക്കാളേറെ ആളുകള്‍ ഹിന്ദു മതം സ്വീകരിക്കുന്നുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. സർവേ റിപ്പോർട്ട് പ്രകാരം 0.7 ശതമാനം ആളുകളാണ് ഹിന്ദു മതം ഉപേക്ഷിക്കുന്നത്. അതേസമയം 0.8 ശതമാനം പേര്‍ ഹിന്ദു മതത്തിലേക്ക് പുതുതായി വരികയും ചെയ്യുന്നു. കണക്കുകൾ സൂചിപ്പിക്കുന്നത് ഹിന്ദു മതത്തിനു ഗുണം ചെയ്യുന്ന രീതിയിലാണ്. 80 ശതമാനം ഹിന്ദുക്കളും 79 ശതമാനം മുസ്‌ലിംകളും മറ്റ് മതങ്ങളെ ബഹുമാനിക്കുന്നത് തങ്ങളുടെ മത സ്വത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണത് എന്ന് പറഞ്ഞുകൊണ്ടാണെന്നു സർവേ വ്യക്തമാക്കുന്നു.
അതേസമയം, ഇസ്ലാം മതത്തിന് നേട്ടമോ കോട്ടമോ ഇല്ല. 0.3 ഇന്ത്യക്കാര്‍ മുസ്ലിം മതം ഉപേക്ഷിക്കുമ്പോള്‍ 0.3 ശതമാനം ഇന്ത്യക്കാര്‍ പുതിയതായി മുസ്ലിം മതത്തിലേക്ക് വരുന്നു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രമാണ് മതപരിവര്‍ത്തനം കുറച്ചെങ്കിലും കൂടുതലുള്ളത്. 0.4 ശതമാനം പേര്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് പുതുതായി വരുമ്പോള്‍ 0.1 ശതമാനം പേര്‍ മാത്രമാണ് ക്രിസ്തു മതം ഉപേക്ഷിക്കുന്നത്. കൂടാതെ, ജൈന മതത്തിന്റെയും സിഖ് മതത്തിന്റെയും കണക്കുകൾ ഇവർ പുറത്തുവിട്ടിട്ടുണ്ട്. മറ്റ് മതങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇവരുടെ കണക്ക് വളരെ കുറവാണ്.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണെന്ന് പ്യൂ സര്‍വേ ഫലം കണ്ടെത്തി. മതപരമായ സഹിഷ്ണുത വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ തങ്ങളുടെ മതത്തെ മറ്റു മതങ്ങളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്താനും ഇവര്‍ ആഗ്രഹിക്കുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ ഒരുമിച്ച് വ്യത്യസ്തതയോടെയാണ് ജീവിക്കുന്നതെന്നാണ് സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ മതം; സഹിഷ്ണുതയും വേര്‍തിരിവും എന്ന സര്‍വേ റിപ്പോര്‍ട്ടാണ് പ്യൂ റിസേര്‍ച്ച് സെന്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments