ന്യൂഡൽഹി : അടുത്ത വർഷം നടക്കുന്ന യു പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് പരിശീലന ക്ലാസ് ആരംഭിച്ച് കോൺഗ്രസ്. യുപിയിൽ വിജയം നേടാനുള്ള പദ്ധതികളാണ് പ്രവർത്തകരുടെ പരിശീലന ക്ലാസുകളിൽ ഉള്ളത്.
സംസ്ഥാനത്തെ സംഘടനകൾ ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപി സർക്കാരിനെ കീഴ്‌പ്പെടുത്താൻ സാധിക്കു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശ് ചുമതലയുമുള്ള പ്രിയങ്ക ഗാന്ധി പറഞ്ഞു. കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊതുപരിപാടികളും സോഷ്യൽ മീഡിയ ക്യാമ്പെയ്‌നുകളും നടത്തണം. സുൽത്താൻപൂർ മുതൽ പ്രയാഗ് രാജ് വരെയുള്ള ജില്ലകളിലെ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനിടെയാണ് പ്രിയങ്ക വാദ്ര ഇക്കാര്യം അറിയിച്ചത്. വീഡിയോ കോളിലൂടെയാണ് ട്രെയിനിംഗ് നടന്നത്.
ഉത്തർപ്രദേശിലെ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന മേധാവികൾ എന്നിവർക്ക് പ്രത്യേകമായും പരിശീലന ക്ലാസുകൾ നൽകുന്നതായാണ് വിവരം. സംസ്ഥാനത്തെ വിവിധ സംഘടനകൾ ശക്തിപ്പെടുത്തുന്നതിനും, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സോഷ്യൽ മീഡിയ ക്യാമ്പെയിനിംഗിനും വേണ്ടിയുള്ള പരിശീലനങ്ങളാണ് നൽകുക. ജൂലായ് 10 വരെ പരിശീലന ക്ലാസുകൾ തുടരും. ജൂലായ് രണ്ടാം വാരത്തോടെ പ്രിയങ്ക സംസ്ഥാനത്തെത്തി പ്രവർത്തകരെ നേരിട്ട് കാണും എന്നുള്ള റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.
Post Your Comments