തിരുവനന്തപുരം: കേരളത്തില്‍ സംരഭകരോട് അനുകൂല സമീപനമല്ല സര്‍ക്കാരിനെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കേരളത്തില്‍ തുടങ്ങാനിരുന്ന പദ്ധതിയില്‍ നിന്നു പിന്‍മാറിയതിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങള്‍ ഒട്ടേറെ നിക്ഷേപ സൗഹൃദ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ കേരളവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും സാബു ജേക്കബ് വ്യക്തമാക്കി.
കേരളത്തില്‍ നേരിടുന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ തമിഴ്‌നാട്, ഗുജറാത്ത്, ഒഡീഷ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണം ലഭിച്ചു. വ്യവസായികളെ ക്ഷണിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം. അതിനുപുറമെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ വിളിച്ചു. കിറ്റെക്‌സിന്റെ പുതിയ പദ്ധതിക്ക് പ്രത്യേകമായി എന്തൊക്കെ വേണമെന്നാണ് പലരും ചോദിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു. മനോരമയോടായിരുന്നു സാബുവിന്റെ പ്രതികരണം.
നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ ഉത്തര്‍പ്രദേശ് എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് നാം മനസ്സിലാക്കണമെന്നും യുപിയില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെ കാര്യത്തില്‍ 18ാം സ്ഥാനത്തു നിന്ന് 28ാം സ്ഥാനത്ത് എത്തിയത് എങ്ങനെയന്ന് ചിന്തിക്കണം. ലോകത്തിലെ ഏത് കമ്പനി നോക്കിയാലും അവിടെ മലയാളി സാന്നിധ്യം ഉണ്ട്. പക്ഷെ വ്യവസായികളോട് നാം പെരുമാറുന്നത് ഇങ്ങനെയും. ആര്‍ജവമുള്ള സര്‍ക്കാര്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ ഈ പ്രശ്‌നത്തില്‍ ഇതിനോടകം ഇടപെടുമായിരുന്നെന്നും സാബു ജേക്ക്ബ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് തന്റെ സ്ഥാപനത്തിനു നേരെ ഈ രീതിയില്‍ നടപടി ഊര്‍ജിതമായത്. എന്നാല്‍ ഇപ്പോഴത്തെത് രാഷ്ട്രീയപരമായി മാത്രമുള്ള പ്രശ്‌നമല്ലെന്നും കേരളത്തിലെ വ്യവസായ നയത്തില്‍ കാതലായ പ്രശ്‌നമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്നാണ് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞത്.
ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുന്നതെന്ന് സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിച്ചത്.
അതേസമയം സാബു ജേക്കബിന് പരാതികള്‍ നേരിട്ട് അറിയിക്കാമായിരുന്നെന്ന് വ്യവസായ മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോകത്തിനു മുന്നില്‍ നാടിനെ മോശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ പാടില്ലായെന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണം അവസാന ഘട്ടത്തിലാവാമായിരുന്നെന്നും പി രാജീവ് അഭിപ്രായപ്പെട്ടു. വ്യവസായ മേഖലയില്‍ ഉണര്‍വിന്റെ ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്, സാബു ജേക്കബ് ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുമെന്നും അത് ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട എല്ലാവരുടേയും കൂട്ടായ ശ്രമമുണ്ടാകണമെന്നും പി രാജീവ് പറഞ്ഞു.
Post Your Comments