Latest NewsKeralaIndiaNews

സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ്‌ കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്

മരങ്ങൾ മുറിച്ചു വിറ്റപ്പോഴും, ഇപ്പോൾ സ്പിരിറ്റ്‌ കടത്തിയപ്പോഴും സർക്കാർ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കാത്തതെന്താണെന്ന് വിമർശനം

തിരുവനന്തപുരം: സർക്കാരിന്റെ മൂക്കിൻ തുമ്പത്ത് നിന്ന് സ്പിരിറ്റ്‌ കടത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് കടത്തിലാണ് അന്വേഷണം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നത്. സ്ഥാപനത്തിലേക്ക് സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ ഏറ്റെടുത്ത എറണാകുളത്തെ കാറ്റ് എഞ്ചിനിയറിംഗ് കമ്പനി അധികൃതരെ ഇന്ന് ചോദ്യം ചെയ്യും. പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുക. കേസിൽ ഇതുവരെ കൃത്യമായി എത്രപേർ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.

Also Read:ഒടുവിൽ മുട്ടുകുത്തി സർക്കാർ: സംസ്ഥാനത്ത് ഇന്നു മുതൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കും

അറസ്റ്റിലായ പ്രതികളുടെ മൊഴി പ്രകാരം ഈ കമ്പനിയുടെ കരാര്‍ കാലാവധിയിലാണ് പല തവണയായി സ്പിരിറ്റ് മറിച്ച്‌ വിറ്റത്. പ്രതി പട്ടികയിലുള്ള സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കി. എന്നാൽ മൂക്കിൻ തുമ്പത്ത് നിന്ന് മരങ്ങൾ മുറിച്ചു വിറ്റപ്പോഴും, ഇപ്പോൾ സ്പിരിറ്റ്‌ കടത്തിയപ്പോഴും സർക്കാർ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കാത്തതെന്താണെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഈ കേസിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്.

പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരും ഇപ്പോൾ ഒളിവിലാണ്. കഴിഞ്ഞ ദിവസം റിമാന്റിലായ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്സ് കെമിക്കല്‍സ് സന്ദര്‍ശിക്കും.

പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യനിര്‍മ്മാണത്തിന് എത്തിച്ച സ്പിരിറ്റില്‍ 20,000 ലിറ്റര്‍ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസിന്‍റെ കണ്ടെത്തല്‍. മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. സ്പിരിറ്റ്‌ വേട്ടയെ നിസ്സാരവൽക്കരിച്ചാണ് പൊതുസമൂഹം കാണുന്നതെങ്കിലും കേസിൽ നടന്ന അഴിമതികൾ ഞെട്ടിക്കുന്നതാണ്. അന്വേഷണം വ്യാപിക്കുന്നതോടെ കേസിൽ ഉള്ളപ്പെട്ട അനേകം പേരെ കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്റെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button