തിരുമിറ്റക്കോട് : ചികിത്സയുടെ മറവിൽ വീട്ടമ്മയ്ക്കു നേരെ പീഡനശ്രമം നടത്തിയെന്ന പരാതിയിൽ കറുകപ്പൂത്തൂർ സ്വദേശി സെയ്ത് ഹസ്സനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം എന്ന ബോർഡ് വച്ച വാഹനത്തിലായിരുന്നു ഇയാളുടെ യാത്ര. ഈ വാഹനം പൊലീസ് പിടിച്ചെടുത്തു. മതിയായ യോഗ്യതകൾ ഇല്ലാതെ ചികിത്സിക്കൽ, പീഡനശ്രമം എന്നിവയ്ക്കാണു കേസ്.
പൊലീസ് പറയുന്നത്: ദാമ്പത്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇയാൾ മന്ത്രവാദം നടത്തുകയും മരുന്നു നൽകുകയും ചെയ്തിരുന്നു. കടുത്ത പ്രശ്നങ്ങളുള്ള സ്ത്രീകളെ ഒറ്റയ്ക്ക് ഒരു മുറിയിൽ വച്ചു ചികിത്സിക്കും. ഇവിടെ വെച്ചായിരുന്നു പീഡനം.
ഇയാളെക്കുറിച്ചു മുൻപും ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആരും പരാതിപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം കുടുംബപ്രശ്നം തീർക്കാനായി മൂന്നാം തവണ കാണാനെത്തിയ ചാലിശ്ശേരി സ്വദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വാതിൽ തുറന്നു പുറത്തേക്കോടിയ യുവതി കൂടെ ഉണ്ടായിരുന്നവരെ ഒന്നും അറിയിക്കാതെ വീട്ടിലേക്കു പോന്നു.
പിന്നീട് സംഭവം അറിഞ്ഞ പൊലീസ് യുവതിയോടു വിവരം ചോദിച്ചറിഞ്ഞു കേസെടുക്കുകയായിരുന്നു. 10 വർഷം മുൻപു ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് ചാലിശ്ശേരി ഇൻസ്പെക്ടർ എം. ശശീന്ദ്രൻ പറഞ്ഞു.
Post Your Comments