തിരുവനന്തപുരം: പാര്‍ട്ടിയ്ക്കെതിരെ സ്ഥിരമായി ഇല്ലാവചനങ്ങള്‍ പരത്തുന്നു, കേരളത്തിലെ പ്രമുഖ മാദ്ധ്യമമായ മലയാള മനോരമയ്ക്ക് എതിരെ നിയമ നടപടിയുമായി ബി.ജെ.പി. പാര്‍ട്ടിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കുന്നു എന്ന് ആരോപിച്ചാണ് ബിജെപി നീക്കം. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി തോല്‍വിയുടെ പശ്ചാത്തലത്തില്‍ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള സംസ്ഥാന ഘടകത്തിന് എതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി എന്നത് വ്യാജ വാര്‍ത്ത ആണെന്ന് ബിജെപി ആരോപിക്കുന്നു. കൂടാതെ ബിജെപി ഭാരവാഹി യോഗത്തില്‍ നിന്നും ജോര്‍ജ് കുര്യനും സി. കൃഷ്ണകുമാറും വിട്ട് നിന്നു എന്നുളളതും വ്യാജ വാര്‍ത്തയാണ് എന്നാണ് ബി.ജെ.പിയുടെ ആരോപണം.
പ്രസ്താവനയുടെ പൂര്‍ണ രൂപം :
നിയമ നടപടികളുമായി മുന്നോട്ട്. ഭാരതീയ ജനതാപാര്‍ട്ടിയേയും നേതാക്കളെയും അവഹേളിക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളുമായി പാര്‍ട്ടി മുന്നോട്ട് പോവുകയാണ്. മലയാളമനോരമ പത്രത്തിലും ചാനലിലും ഓണ്‍ലൈനിലും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള സംസ്ഥാനഘടകത്തിനെതിരെ കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്ന വ്യാജവാര്‍ത്ത മനോരമ ഓണ്‍ലൈനിലും തുടര്‍ന്ന് ചാനലിലും സംപ്രേക്ഷണം ചെയ്തു. ഭരണഘടനാ പദവിയായ ഗവര്‍ണറെ അനാവശ്യ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ ഗവര്‍ണറുടെ ഓഫീസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തെ അപമാനിച്ചിട്ടും മാപ്പ് പറയാന്‍ മനോരമ തയ്യാറായിരുന്നില്ല.
ബിജെപി ഭാരവാഹി യോഗത്തില്‍ നിന്നും സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ ജോര്‍ജ് കുര്യനും സി.കൃഷ്ണകുമാറും വിട്ടു നിന്നുവെന്ന വ്യാജവാര്‍ത്ത മനോരമ പത്രത്തില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനോരമയുടെ നുണപ്രചരണത്തിനെതിരെ രണ്ടു നേതാക്കളും രംഗത്ത് വരുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ബിജെപിയെ അവഹേളിക്കാന്‍ വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കിയ മനോരമയ്‌ക്കെതിരെ പ്രസ്തുത രണ്ട് വിഷയത്തിലും പാര്‍ട്ടി നിയമനടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.
Post Your Comments