
ചെന്നൈ: കോവിഡ് ബാധിച്ചു മരിച്ചെന്ന വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ലക്ഷങ്ങള്‍ നല്കി കുഞ്ഞുങ്ങളെ വാങ്ങിയ കണ്ണന്, ഭാര്യ ഭവാനി, അനിഷ്റാണി എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളെ വില്ക്കാന് ഒത്താശ ചെയ്ത ഡയറക്ടര്‍ ജി.ആര്.ശിവകുമാറും സഹായി മത്തരശും ഒളിവിലാണ്. പ്രമുഖ സന്നദ്ധ സംഘടനയായ ഇദയം ട്രസ്റ്റിന്റെ അനാഥാലയത്തില്‍ നിന്നുമാണ് നടത്തിപ്പുകാരുടെ അറിവോടെ കുഞ്ഞുങ്ങളെ കടത്തിയത്.
സംഭവത്തിന് പിന്നാലെ ട്രസ്റ്റിന്റെ ചുമതലയില്‍ ചെന്നൈയിലുള്ള അനാഥാലയവും വൃദ്ധസദനവും കോര്പറേഷന് പൂട്ടി. മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ എന്ന യുവതിയുടെ ഒന്നും രണ്ടും വയസ്സുള്ള മക്കളെയാണു ട്രസ്റ്റ് അധികൃതര്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം വിറ്റത്. കുട്ടികളെ കാണാന്‍ ഐശ്വര്യയുടെ വളര്ത്തച്ഛന് അസറുദ്ദീന് കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു കുട്ടികള്‍ മരിച്ചെന്നും ഐശ്വര്യ ചികിത്സയിലാണെന്നും ജീവനക്കാര്‍ അറിയിച്ചത്.
സംശയം തോന്നി മരണ സര്‍ട്ടിഫിക്കറ്റുകളുമായി മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ അവ വ്യാജമാണെന്നു തെളിഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു വില്പനയുടെ സൂചന കിട്ടിയതെന്നും കുട്ടിക്കടത്തിനു പിന്നില്‍ വന്‍ സംഘമുണ്ടെന്നും പൊലീസ് പറഞ്ഞു. വിറ്റ കുട്ടികളെ കണ്ടെത്തിയ പൊലീസ് അവരെ സംരക്ഷണ കേന്ദ്രത്തിലാക്കി.
Post Your Comments