തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് എല്ലാവരും. ദിനംപ്രതി വർധിച്ചു വരുന്ന ജീവിത ചെലവുകളും കോവിഡ് വൈറസ് വ്യാപനം സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ഇടിവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രയാസം നേരിടുന്നതിനാൽ തന്നെ ജനങ്ങൾ സ്വർണ്ണവായ്പ എടുക്കാൻ നിർബന്ധിതരാകുകയാണ്.
2021 മെയിൽ അവസാനിച്ച 12 മാസ കാലയളവിൽ, വാണിജ്യ ബാങ്കുകളുടെ സ്വർണ്ണ വായ്പ വിഭാഗത്തിൽ വായ്പാ വളർച്ച 33.8 ശതമാനമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനങ്ങൾ അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സ്വർണ്ണം പണയം വെയ്ക്കുന്നതാണ് വായ്പാ വളർച്ച ഉയരാൻ കാരണം.
കോവിഡ് ആരംഭിച്ച 2020 മാർച്ചിന് ശേഷം ഗോൾഡ് ലോൺ 86.4 ശതമാനം അഥവാ 33,308 കോടി രൂപ ഉയർന്നതായാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. സ്വർണ്ണ വായ്പ വർദ്ധിക്കാൻ കാരണം ഗ്രാമീണ മേഖല, താഴ്ന്ന വരുമാനക്കാർ, മൈക്രോ യൂണിറ്റുകൾ എന്നിവയിലെ സമ്മർദ്ദത്തിന്റെ സൂചനയാണെന്നാണ് വ്യവസായ മേഖലയിലുള്ളവർ പറയുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയങ്ങളിൽ ഉപഭോഗ ആവശ്യങ്ങൾക്കായി വായ്പ എടുക്കുന്നത് നല്ലതല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. വിവാഹ ആവശ്യങ്ങൾക്കും മറ്റും പണം കണ്ടെത്തുന്നതിന് സ്വർണ്ണ വായ്പ തെരഞ്ഞെടുക്കുന്നത് നല്ല ആശയമല്ലെന്നും സ്വർണ്ണ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെങ്കിൽ പണയം വയ്ക്കുന്ന സ്വർണ്ണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ മണപ്പുറം ഫിനാൻസ് 404 കോടി രൂപയുടെ സ്വർണ്ണമാണ് ലേലം ചെയ്തത്.
വരുമാനം കുറയുകയും കടം ഒരു പ്രശ്‌നമായി മാറുകയും ചെയ്താൽ, സ്വർണ്ണം പണയം വയ്ക്കുന്നതിനേക്കാൾ നല്ലത് വിൽക്കുന്നതാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. സ്വർണ്ണം വിൽക്കുന്നത് പലർക്കും വിഷമമുള്ള കാര്യമാണെങ്കിലും ഈ രീതി തന്നെയാണ് നല്ലതെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ 15 വർഷമായി സ്വർണ്ണ വില ഗണ്യമായി ഉയർന്നിട്ടുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ പണം കടം വാങ്ങി കൂട്ടുന്നതിനേക്കാൾ സ്വർണ്ണം വിൽക്കുന്നത് തന്നെയാണ് ഉചിതമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments