‘കേരളത്തില്‍ ആര്‍ക്കും ബിസിനസ് നടത്താനാകില്ല’: കിറ്റെക്‌സിന് ബിജെപിയുടെ പിന്തുണ

കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന കിറ്റെക്‌സ് കമ്പനിയിലെ തൊഴിലാളികളില്‍ 80 ശതമാനം പേര്‍ക്കും മിനിമം വേതനം നല്‍കുന്നില്ലെന്ന് സംസ്ഥാന തൊഴില്‍ വകുപ്പ് കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: കേരള സര്‍ക്കാരുമായി 3500 കോടിയുടെ നിര്‍മ്മാണ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന തീരുമാനമറിയിച്ചതിന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബിന് പിന്തുണ അറിയിച്ച് ബി.ജെ.പി. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സാബു ജേക്കബിന് താല്‍പ്പര്യമെങ്കില്‍ വ്യവസായം നടത്താനായി ക്ഷണിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കിറ്റെക്‌സ് കമ്പനിയെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ കമ്പനിക്ക് രാഷ്ട്രീയമായ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സംസ്ഥാന സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയിലേക്ക് നടത്തി വരുന്നത് തീര്‍ത്തും അനാവശ്യമായ റെയ്ഡുകളാണ്. ഇത്തരം പ്രവണതകള്‍ വ്യവസായങ്ങളെ തകര്‍ക്കും. കേരളത്തില്‍ ആര്‍ക്കും ബിസിനസ് നടത്താനാകില്ല എന്ന പ്രതീതിയുണ്ടാക്കും. രാഷ്ട്രീയ പ്രതിയോഗികളെ ജനാധിപത്യ രീതികളിലൂടെയാണ് നേരിടേണ്ടതെന്നും’- എ.എന്‍ രാധാകൃഷ്ണന്‍

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

സംസ്ഥാന സര്‍ക്കാരുമായി 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നുവെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സാബു ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂണിറ്റുകളില്‍ പരിശോധന നടത്തിയതെന്നും വീണ്ടും ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ഒപ്പുവെച്ച പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുന്നതെന്ന് സാബു ജേക്കബ് പത്രക്കുറിപ്പ് വഴി അറിയിക്കുകയായിരുന്നു.

Share
Leave a Comment