കാട്ടാക്കട: വേലിതന്നെ വിളവ് തിന്നാൽ എന്താണ് സംഭവിക്കുക? അത്തരത്തിലുള്ള ഒരു സംഭവമാണ് കുറ്റിച്ചല്‍ കോട്ടൂര്‍ പറയ്‌ക്കോണം അജന്താഭവനില്‍ നടന്നത്. കാട്ടു പന്നിയെ വേട്ടയാടി ഇറച്ചിയാക്കി പാചകം ചെയ്യാനുള്ള ശ്രമത്തിനിടെ വനം വകുപ്പ് ഇ.ഡി.സി അംഗവും താത്കാലിക ജീവനക്കാരനുമായ ആൾ പിടിയില്‍. രാജനാണ്(47) പിടിയിലായത്. കോട്ടൂര്‍ റേഞ്ചിലെ പരുത്തിപള്ളി ശംഭുതാങ്ങിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെ ഇയാളുടെ വീട്ടില്‍ സംഘം എത്തുമ്പോള്‍ രാജന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഫോറസ്റ്റ് ഉദ്യാഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്ന് സാഹസികമായാണ് പിടികൂടിയത്.
Read Also: 50 കോടി ചെലവില്‍ അംബേദ്കറുടെ സ്മാരകം നിര്‍മ്മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍
കുടുംബമായി താമസിക്കുന്ന വീട്ടിലെ അടുക്കളയില്‍ രണ്ട് പാത്രങ്ങളിലായി ഇറച്ചിയാക്കി പാചകം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു പ്രതി. ആറു കിലോയോളം ഇറച്ചി ഇവിടെ നിന്ന് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ വനം കോടതിയില്‍ ഹാജരാക്കി. കാപ്പുകട് ആനപുനരധിവാസ കേന്ദ്രത്തില്‍ ട്രക്കിംഗിന് എത്തുന്നവര്‍ക്ക് സഹായിയായും ഗേറ്റ് കീപ്പറായും താത്കാലിക സേവനം അനുഷ്ഠിച്ചു വരികയായിരുന്നു രാജന്‍. റേഞ്ച് ഓഫീസര്‍ ഷാജി ജോസ്, ഡെപ്യൂട്ടി റേഞ്ചര്‍ അഭിലാഷ്, ബി.എഫ്.ഒ രഞ്ജിത് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments